ഒരു നിമിഷം ഭൂമിയുടെ കറക്കം നിന്നാൽ എന്ത് സംഭവിക്കും? വൻ ദുരന്തത്തിന്റെ മുന്നറിയിപ്പുമായി ഗവേഷകർ

സൂര്യനെ ചുറ്റുന്നതിനൊപ്പം നമ്മുടെ ഭൂമി സ്വയം കറങ്ങുന്നുണ്ടെന്നും നമുക്കറിയാം. നമുക്ക് ഭൂമിയുടെ കറക്കം കാണാൻ കഴിയാത്തതിനാൽ നാം പലപ്പോഴും അതിനെ നിസ്സാരമായാണ് കണക്കാക്കുന്നത്. എന്നാൽ, അത്ര നിസ്സാരമായല്ല ഈ ഭൂമി കറങ്ങുന്നത്. മണിക്കൂറിൽ 1,600 കിലോമീറ്റർ വേഗതയിലാണ് ഈ കറക്കം. ഒരുനിമിഷം കൊണ്ട് ഈ ഭൂമി കറങ്ങാതായാൽ എന്തു സംഭവിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ഭൂമിയുടെ കറക്കത്തിന് അനുസരിച്ച് അതിലുള്ള വസ്തുക്കളും കറങ്ങുന്നുണ്ട്. ഭൂമി ഒരുനിമിഷം പെട്ടെന്ന് അതിന്റെ കറക്കം നിർത്തിയാലും ഭൂമിയിലുള്ളവ അതേ വേഗത്തിൽ ചലിക്കുന്നത് തുടരുമെന്നാണ് ഗവേഷകർ പറയുന്നത്. ‘ഭൂമിയിലെ കെട്ടിടങ്ങൾ, വെള്ളം, വായു തുടങ്ങി ഭ്രമണം ചെയ്യുന്നവയെല്ലാം വീണ്ടും മുന്നോട്ട് പോകാൻ ഇടവരും. ഇതിനിടെ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഇവ വേർപെട്ട് ഏറ്റവും താഴെയുള്ള ഭ്രമണപഥത്തിൽ എത്തി കറങ്ങും.’: ഓഹയോയിലെ ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് സർവകലാശാലയിലെ ഭൗതികശാസ്ത്ര-ജ്യോതിശാസ്ത്ര പ്രൊഫസറായ ആൻഡ്രു ലെയ്ഡൻ പറയുന്നു.
ഇത് വളരെ അപകടകരമായൊരു സാഹചര്യമുണ്ടാക്കും. ധ്രുവപ്രദേശങ്ങളിൽ ഒരൽപം ആപത്ത് കുറയുമെങ്കിലും ശക്തമായ ഭൂകമ്പവും സുനാമികളുമുണ്ടാകും. ഇനി പതുക്കെയാണ് ഭൂമിയുടെ ഭ്രമണം നിൽക്കുന്നതെങ്കിൽ പോലും കുഴപ്പമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കാരണം ഭൂമിയിൽ പകലും രാത്രിയും ആറ് മാസംവീതമായി മാറും. ഒപ്പം വായുവിന്റെയും സമുദ്രജലത്തിന്റെയും ഒഴുക്ക് ഭൂമിയുടെ ഭ്രമണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ കാലാവസ്ഥയാകെ മാറും. ഭൂമിയുടെ കാന്തികവലയം ബഹിരാകാശത്ത് നിന്നും വരുന്ന ഹാനികരമായ വികിരണങ്ങളെ തടയുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വികിരണങ്ങൾ ഭൂമിയിൽ പതിച്ചാൽ ജീവന് ആപത്തുണ്ടാകും.
എന്നാൽ ഭൂമിയുടെ ഭ്രമണം നിന്നുപോകേണ്ട ആവശ്യമില്ലെന്നും ഗവേഷകർ പറയുന്നു. കാരണം നക്ഷത്രങ്ങൾ പോലും ചെറിയ വേഗത്തിൽ ഭ്രമണം ചെയ്യുന്നുണ്ട്. ചെറിയ വസ്തുക്കൾ തട്ടിയാൽ പോലും ഗ്രഹങ്ങൾ ഭ്രമണം ചെയ്യും. ഇത്തരത്തിൽ ഭൂമിയിൽ ധാരാളം ബാഹ്യവസ്തുക്കൾ നിരന്തരം തട്ടുകയോ സമ്പർക്കം വരുകയോ ചെയ്യുന്നതിനാൽ ഭൂമിയുടെ കറക്കം ഉടനെയൊന്നും നിൽക്കില്ല. ഇത്തരത്തിൽ വസ്തുക്കൾ വന്ന് പതിച്ചത് മൂലം മറ്റൊരു ഗ്രഹത്തിൽ ഇടിച്ചതിനാലാണ് ഇപ്പോൾ ഭൂമിയ്ക്ക് ഉപഗ്രഹമായി ചന്ദ്രനെ ലഭിച്ചത്. പണ്ട് ഉണ്ടായിരുന്ന തെയ എന്ന ഗ്രഹവുമായാണ് അന്ന് ഭൂമി കൂട്ടിയിടിച്ചതെന്നാണ് പഠനങ്ങൾ പറയുന്നത്.