‘ഇത് ബീഫ് കഴിക്കുന്നവർക്കുള്ള മറുപടി, മലപ്പുറത്തായിരുന്നു ഇത്തരമൊരു ദുരന്തം നടക്കേണ്ടിയിരുന്നത്’; സംസ്ഥാനം വലിയൊരു ദുരിതത്തിൽ നിന്നുള്ള കരകയറ്റത്തിനിടെയിലും വർഗീയ പ്രചരണങ്ങൾ നടത്തി ഒരുകൂട്ടർ
വയനാട്: നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട് പടരുക, പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ പറ്റാതെ പോകുക…മഹാദുരന്തത്തിന്റെ ബാക്കിപത്രങ്ങളായവര്‍ക്ക് വേദനമാത്രം! ഒറ്റരാത്രികൊണ്ട് ചൂരല്‍മലയും മുണ്ടക്കൈയും പേരുമാത്രമായി അവശേഷിച്ച ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 316 പേരെയാണ്. അനൗദ്യോഗിക കണക്കനുസരിച്ച് മൂന്നൂറോ, നാനൂറോ പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അതിജീവിച്ച പ്രദേശ വാസികള്‍ പറയുന്നു. മണ്ണിനടിയില്‍ ജീവന്റെ തുടിപ്പു തേടുന്നവര്‍ക്ക് പ്രതികൂല കാലാവസ്ഥ വിലങ്ങുതടിയായിട്ടും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ ഒരാളെയെങ്കിലും ജീവനോടെ രക്ഷിക്കാനാകുമോ എന്ന പാച്ചിലിലാണ്. ഇതിനിടെയിലും സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വർഗീയ പ്രചരണങ്ങൾക്കായി സമയം മാറ്റിവച്ചിരിക്കുകയാണ്.
‘ഇത് ബീഫ് കഴിക്കുന്നവർക്കുള്ള മറുപടി, മലപ്പുറത്തായിരുന്നു ഇത്തരമൊരു ദുരന്തം നടക്കേണ്ടിയിരുന്നത്, രാഹുലിനെ വിജയിപ്പിച്ചതിന് ഇങ്ങനെ തന്നെ സംഭവിക്കണം, വയനാട്ടിലുള്ളവരെ സഹായിക്കാൻ ആരും തയ്യാറാവരുത്, ധനസഹായം നൽകരുത്’ തുടങ്ങിയ കമന്റുകളാണ് ദുരന്തഭൂമിയിൽ നിന്നുള്ള വീഡിയോകളുടെയും ഫോട്ടോകളുടെയും താഴെ പലരും പോസ്റ്റ് ചെയ്യുന്നത്.
ഒരു ആയുസ് മുഴുവൻ കഷ്‌ടപ്പെട്ടുണ്ടാക്കിയതെല്ലാം ഒറ്റ ദിവസം കൊണ്ട് നഷ്‌ടപ്പെട്ടവർക്ക് മുന്നിൽ ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ നോന്നു എന്ന് ഇതിന് മറുപടിയായി പലരും പോസ്റ്റിട്ടു. സോഷ്യൽ മീഡിയ തിരിച്ചും പ്രതികരിച്ച് തുടങ്ങി എന്നറിഞ്ഞതോടെ ഇത്തരം നെഗറ്റീവ് കമന്റുകളിൽ പലതും അപ്രത്യക്ഷമായി.അതേസമയം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ നടി നിഖില വിമലിന്റെ വീഡിയോ ആംഐഎക്‌സ്‌ട്രേഡർ’ എന്ന എക്‌സ് ഹാൻഡിലിലൂടെ ‘ആർഎസ്‌എസ് വയനാട്’ എന്ന പേരിൽ പ്രചരിപ്പിച്ചു.
‘വയനാട്ടിലെ ജനങ്ങൾക്കായി ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് ആർഎസ്‌എസ് പ്രവർത്തകർ ജനങ്ങളെ സഹായിക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. തന്റെ നിലപാടുകളും രാഷ്‌ട്രീയവും തുറന്നുപറഞ്ഞതിന്റെ പേരിൽ നേരത്തേ സംഘപരിവാർ അനുഭാവികളിൽ നിന്ന് സൈബർ ആക്രമണം നേരിട്ടിട്ടുള്ള ആളാണ് നിഖില.
ദുരിതാശ്വാസ നിധിയിലേക്കു കഴിയുന്നവരെല്ലാം സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ നാടിനെ പുനർ നിർമ്മിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തവും കടമയുമാണ്. ഇതിനോടകം സഹായഹസ്തങ്ങളുമായി എല്ലാ മേഖലയിൽ നിന്നും സുമനസ്സുകൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതബാധിതരെ സഹായിക്കാൻ എന്ന പേരിൽ നടക്കുന്ന ചില പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ ഒഴിവാക്കേണ്ടതാണെന്ന് അധികൃതർ നിർദേശം നൽകി. സന്നദ്ധ സംഘടനകളുടെ പേരിൽ അടക്കം ഒറ്റയ്ക്കും കൂട്ടായും പല സ്ഥലങ്ങളായി നടക്കുന്ന പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണം നിർത്തിവെക്കണം. ഈ ഘട്ടത്തിൽ അത് ഉപകാരപ്പെടുന്ന ഒരു പ്രക്രിയയല്ല. അതുകൊണ്ട് അതിൽ പങ്കാളികൾ ആയിരിക്കുന്നവർ അതിൽ നിന്ന് പിന്മാറണം. ശേഖരിച്ച വസ്തുക്കൾ അതത് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് കൈമാറണം. ഇനി എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ ദുരന്തനിവാരണ അതോറിറ്റി അറിയിക്കും.