തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി; സിഐഎസ്എഫ് പരിശോധന തുടരുന്നു
തിരുവനന്തപുരം: വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിമാനത്തിനാണ് ഭീഷണി. പരിശോധന തുടരുകയാണ്. ആരേയും പുറത്തേക്ക് പോകാൻ അനുവദിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃതര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്.
അതേസമയം ബെംഗളൂരുവിലേക്കു പുതിയ വിമാന സർവീസ്. തിരുവനന്തപുരത്ത് നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവിൽ എത്തും. ജൂലൈ ഒന്നാം തീയ്യതി മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ വിമാനങ്ങൾ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ജൂലൈ മുതൽ യൂസർ ഫീ വർദ്ധനവും നിലവിൽ വരും ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകണം. അടുത്ത വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരും. ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർ ഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി.
തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശ യാത്രികർ 660 രൂപയും ആഭ്യന്തര യാത്രികർ 330 രൂപയും ഇനി യൂസർ ഫീയായി നൽകണം. വിമാനങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വർധിപ്പിച്ച് 890 രൂപയാക്കിയിട്ടുണ്ട്. വിമാനക്കമ്പനികൾക്ക് 2200 രൂപ ഇന്ധന സർചാർജും ഏർപ്പെടുത്തിയിട്ടുണ്ട്.