കുർബാനയ്ക്കിടെ പള്ളിയിൽ സംഘർഷം; കുർബാന മതിയാക്കി സ്ഥലം വിട്ട് മെത്രാപ്പൊലീത്ത
കൊല്ലം: കുർബാനയ്ക്കിടെ പള്ളിയിൽ ഭരണ സമിതി ഭാരവാഹികളും മുൻ സെക്രട്ടറിയും തമ്മിൽ കയ്യാങ്കളി. കൊല്ലം ആയൂർ സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് കഴിഞ്ഞ ഞായറാഴ്ച്ച സംഘർഷമുണ്ടായത്. മെത്രാപ്പൊലീത്ത കുർബാന നടത്തുന്ന മദ്ബഹായിൽ പള്ളി മുൻ സെക്രട്ടറി സി വൈ തോമസ് കയറിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷം രൂക്ഷമായതോടെ സംഘർഷത്തിനിടെ മെത്രാപ്പൊലീത്ത കുർബാന മതിയാക്കി സ്ഥലം വിടുകയും ചെയ്തു, ഇടവക പൊതുയോഗം വിലക്കേർപ്പെടുത്തിയ ആളാണ് പള്ളി മുൻ സെക്രട്ടറി സി വൈ തോമസ്.
സംഭവത്തിന് പിന്നാലെ ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പള്ളിയുടെ ട്രസ്റ്റി ഫിലിപ്പ് ജോൺസനും സെക്രട്ടറി രാജു സാമുവലും ഉൾപ്പെട്ട സംഘം മർദ്ദിച്ചെന്നാണ് സി വൈ തോമസിന്റെ പരാതി. തോമസിൻറെ മകളും ഡിഗ്രി വിദ്യാർത്ഥിനിയുമായ മേഘാ തോമസ് കയ്യാങ്കളി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടെ ഫോൺ തല്ലി താഴെയിട്ടെന്നും കൈ പിടിച്ച് തിരിച്ചെന്നും പരാതിയിൽ പറയുന്നു. ഇടവക പൊതുയോഗം വിലക്കിയ മുൻ ഓഡിറ്റർ ജിജോ ടി ലാലും തോമസിനും മകൾക്കും ഒപ്പം പള്ളിയിലെത്തിയിരുന്നു. ആരെയും വിലക്കാൻ പള്ളി കമ്മിറ്റിക്ക് അധികാരമില്ലെന്നാണ് ഇരുവരുടേയും വാദം.
ഇടവകാംഗത്തെ മർദിച്ചതിനും സ്ത്രീകളെ അസഭ്യം പറഞ്ഞതിനും ജിജോയ്ക്കെതിരെ പരാതിയുണ്ട്. കരോളിനിടെ യുവാവിനെ മർദിച്ച കേസുമായി ബന്ധപ്പെട്ടാണ് ജിജോയെയും തോമസിനെയും സ്ഥാനങ്ങളിൽ നിന്നും ശുശ്രൂഷകളിൽ നിന്നും പൊതുയോഗം വിലക്കിയത്. സംരക്ഷണം തേടി കോടതിയെ സമീപിക്കാനാണ് പള്ളിക്കമ്മിറ്റി തീരുമാനം. പരാതികളിൽ കൊട്ടാരക്കര ഡി വൈ എസ് പി ഇരു വിഭാഗത്തേയും ഒത്തു തീർപ്പ് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.