പൊരിവെയിലിലെ ചൂടിൽ തിളച്ച എണ്ണയിൽ മീൻ പൊരിച്ച് യുവതി; ഊർമിയുടെ വീഡിയോ വൈറൽ
പൊരിവെയിലിലെ ചൂടിൽ തിളച്ച എണ്ണയിൽ മീൻ പൊരിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കേരളത്തിൽ മഴയെത്തിയെങ്കിലും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ആഞ്ഞടിക്കുകയാണ്. ഇതിനിടെയാണ് അന്തരീക്ഷ താപനിലയുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോയുമായി യുവതി രംഗത്തെത്തിയത്.
foodiesuman1 എന്ന സാമൂഹിക മാധ്യമ ഇൻഫ്ലുവൻസറാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഊർമി എന്ന യുവതി റെയിൽവേ പാളത്തിന് സമീപത്ത് വച്ച് ഒത്ത ഒരു മീൻ എണ്ണയിൽ പെരിച്ചെടുക്കുന്നത് വീഡിയോയിൽ കാണാം. റെയിൽവേ പാളത്തിന് സമീപത്ത് ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് വച്ചിരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ യുവതി പാത്രത്തിലേക്ക് മീനിനെ ഇടുമ്പോൾ തിളച്ച എണ്ണയിൽ മീൻ പൊരിയുന്ന ശബ്ദം കേൾക്കാം. എണ്ണ തിളച്ച് പൊങ്ങുന്നതും കാണാം. കടുത്ത ചൂട് എണ്ണയെ ചൂടാക്കിയതായി ഊർമി വിശദീകരിക്കുന്നു. ‘പുറത്ത് വളരെ ചൂടാണ്, വെയിലിൻറെ ചൂടിൽ നിങ്ങൾക്ക് സ്റ്റൗ ഇല്ലാതെ പാചകം ചെയ്യാം’ എന്ന് പറഞ്ഞു കൊണ്ടാണ് ഊർമി തൻറെ വീഡിയോ തുടങ്ങുന്നത്. ബംഗാളിലാണ് യുവതി സംസാരിക്കുന്നത്.
അതേസമയം വീഡിയോ കണ്ട നിരവധി പേർ അത് അസംഭവ്യമാണെന്നും വീഡിയോ ‘തട്ടിപ്പാ’ണെന്നും എഴുതി. വീഡിയോ ആരംഭിക്കും മുമ്പ് എണ്ണ ചൂടാക്കിയിരിക്കാമെന്ന് ചില കാഴ്ചക്കാർ അഭിപ്രായപ്പെട്ടു. ‘സൂര്യൻറെ ചൂടിൽ ഊർമി വറുത്ത മീൻ’ എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ ഇതിനകം എഴുപത്തിമൂന്ന് ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. ഒന്നര ലക്ഷത്തിലേറെ പേർ വീഡിയോ ലൈക്ക് ചെയ്തു. ‘വ്യാജം. എണ്ണ നേരത്തെ ചൂടാക്കിയിരിക്കും’ സംശയാലുവായ ഒരു കാഴ്ചക്കാരനെഴുതി. ‘ഇതൊരു മുട്ടയാണെങ്കിൽ ഞാൻ അത് വിശ്വസിക്കുമായിരുന്നു, കാരണം മുട്ട പൊരിക്കാൻ കൂടുതൽ ചൂട് ആവശ്യമില്ല’ മറ്റൊരു കാഴ്ചക്കാരൻ വിശദീകരിച്ചു.