അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നൃത്തം ചെയ്ത് സുനിത വില്യംസ്
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ നൃത്തം. വലിയ ആശങ്കകൾക്കൊടുവിലാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) എത്തിയത്. യാത്രയ്ക്കിടെ സ്റ്റാർലൈനറിലെ ഹീലിയം വാതകം ചോർന്നത് ആശങ്ക ഉയർത്തിയെങ്കിലും വാൽവുകൾ പൂട്ടി താത്ക്കാലിക പരിഹാരം കണ്ടാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയത്. ഇതിന്റെ സന്തോഷത്തിലാണ് സുനിത അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നൃത്തം ചവിട്ടുകയും നിലയത്തിലെ ഏഴു ബഹിരാകാശ യാത്രികരെയും ആലിംഗനം ചെയ്യുകയും ചെയ്തത്.
മനുഷ്യരെയും വഹിച്ചുള്ള സ്റ്റാർലൈനറിന്റെ ആദ്യ പരീക്ഷണദൗത്യമാണിത്. ഇന്ത്യൻ വംശജയായ സുനിതയുടെ മൂന്നാം ബഹിരാകാശയാത്ര. ഇവിടെ മറ്റ് ഏഴു ഗവേഷകർക്കൊപ്പം സുനിതയും വിൽമോറും ഒരാഴ്ച പരീക്ഷണനിരീക്ഷണങ്ങളുമായി ചെലവിടും. പിന്നീട് സ്റ്റാർലൈനറിൽത്തന്നെ ഭൂമിയിലേക്കു മടങ്ങും.
ഫ്ലോറിഡയിലെ കേപ്പ് കനാവെറലിലുള്ള വിക്ഷേപണകേന്ദ്രത്തിൽനിന്ന് ബുധനാഴ്ച പുറപ്പെട്ട പേടകം 26 മണിക്കൂർ യാത്രചെയ്താണ് ഭൂമിയിൽനിന്ന് 420 കിലോമീറ്റർ ഉയരത്തിലുള്ള ഐ.എസ്.എസിൽ എത്തിയത്.