സംശയത്തിന് ഇന്നും കുറവൊന്നുമില്ല..; ‘തളത്തിൽ ദിനേശന്‍റെ’ വിവാഹ വാർഷിക ഫോട്ടോ വൈറലാകുന്നു

 സംശയത്തിന് ഇന്നും കുറവൊന്നുമില്ല..; ‘തളത്തിൽ ദിനേശന്‍റെ’ വിവാഹ വാർഷിക ഫോട്ടോ വൈറലാകുന്നു

മലയാളികൾ ഇന്ന് കണ്ടാലും പൊട്ടിച്ചിരിക്കുനന് ശ്രീനിവാസൻ-പാർവതി ചലച്ചിത്രമാണ് വടക്കുനോക്കി യന്ത്രം. തളത്തിൽ ദിനേശൻ എന്ന ശ്രീനിവാസന്റെ കഥാപാത്രം ഇന്നും നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന ഒരുപാടുപേരുടെ ഛായ തന്നെയാണ്. ദിനേശന്റെ തമാശകളും നർമരംഗങ്ങളും ഡയലോഗുകള്‍ പലതും ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കാറുണ്ട്.

1989 മെയ് 19ന് ആയിരുന്നു വടക്കുനോക്കി യന്ത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സം‌വിധാനം എന്നിവ നിർവഹിച്ചതും സിനിമയിലെ പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ചതും ശ്രീനിവാസൻ ആയിരുന്നു. ശേഭ എന്ന നായിക കഥാപാത്രമായി എത്തിയത് പാർവതിയും. 2024 മെയ് 19 ആയപ്പോഴേക്കും സിനിമ റിലീസ് ആയിട്ട് 35 വർഷം തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ വൈറൽ ആകുകയാണ്.

ഭാര്യയുമായി ഫോട്ടോ എടുക്കാൻ പോകുന്ന ദിനേശനെയും ക്ലിക് ചെയ്യുന്ന വേളയിൽ ശോഭയെ ഇടംകണ്ണിട്ട് നോക്കി ഉയരത്തിൽ നിൽക്കാൻ ശ്രമിക്കുന്ന തളത്തിൽ ദിനേശനും ഇന്നും പ്രേക്ഷക മനസിൽ നിൽപ്പുണ്ട്. ഈ ഫോട്ടോയുടെ എഡിറ്റഡ് വെർഷർ ആണ് ശ്രദ്ധനേടുന്നത്. ശേഭയ്ക്കും തളത്തിൽ ദിനേശനും പ്രായത്തിന്റേതായ മാറ്റങ്ങൾ വന്നുവെങ്കിലും തളത്തിൽ ദിനേശൻ ഇന്നും അങ്ങനെ തന്നെ എന്ന തരത്തിലാണ് ഫോട്ടോ എഡിറ്റ് ചെയ്തിരിക്കുന്നത്.

പരസ്യ സംവിധായകനും ക്രിയേറ്റീവ് ഡയറക്ടറുമായ കുമാർ നീലകണ്ഠൻ ആണ് ഈ ഫോട്ടോയ്ക്ക് പിന്നിൽ. “ആ പഴയ ഫോട്ടോയാണ് വടക്കുനോക്കി യന്ത്രത്തിന്റെ ഐക്കൺ ആയിട്ട് കറങ്ങി കൊണ്ടിരിക്കുന്നത്. ആ താരങ്ങൾ 35 വർഷത്തിൽ എങ്ങനെ ആയിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. പക്ഷേ എങ്ങനെ ചിന്തിച്ചാലും തളത്തിൽ ദിനേശൻ എന്ന വ്യക്തി മാറില്ല. ആ ഒരു ചിന്തയാണ് ഇതിലേക്ക് എത്തിച്ചത്”, എന്നായിരുന്നു അദ്ദേഹം ഫോട്ടോയെ കുറിച്ച് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *