യു.എസിൽ നിന്ന് ‘എഫ്-35 ‘ യുദ്ധവിമാനം സ്വന്തമാക്കി ഇസ്രായേൽ; കരുത്തുറ്റ വിമാനത്തിനായി മുടക്കിയത് 25,000 കോടി
തെൽ അവീവ്: ഇസ്രായേലിന് 25,000 കോടിയുടെ എഫ്-35 യുദ്ധവിമാനം കൈമാറി യു.എസ്. ഇസ്രായേലുമായി 300 കോടി ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) യുദ്ധവിമാനക്കരാറിൽ അമേരിക്ക ഒപ്പിട്ടു. പശ്ചിമേഷ്യയിൽ ഇസ്രായേലിന് മാത്രമാണ് അമേരിക്ക
എഫ്-35 യുദ്ധവിമാനം കൈമാറിയിട്ടുള്ളത്.
25 എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറാൻ അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിനുമായാണ് ഇസ്രായേൽ ചൊവ്വാഴ്ച കരാറിലൊപ്പുവെച്ചത്. ഓരോ വർഷവും ഇസ്രായേലിന് അമേരിക്ക നൽകുന്ന സൈനിക സഹായത്തുക ഉപയോഗിച്ചാകും കൈമാറ്റം.
റഡാറുകൾക്ക് പിടികൊടുക്കാത്ത, രഹസ്യവിവരങ്ങൾ പിടിച്ചെടുക്കാൻ ശേഷിയുള്ള, ആകാശത്തും ഏറ്റുമുട്ടലിന് ശേഷിയുള്ള അത്യാധുനിക യുദ്ധവിമാനമായ എഫ്-35 പശ്ചിമേഷ്യയിൽ ഇസ്രായേലിന് മാത്രമാണ് അമേരിക്ക കൈമാറിയിട്ടുള്ളത്. ഇതോടെ, ഇസ്രായേൽ വ്യോമസേനയുടെ വശം എഫ്-35 വിമാനങ്ങൾ 75 എണ്ണമാകും. 2018 മുതലാണ് ഇവ ഇസ്രായേലിന് ലഭിക്കുന്നത്. എത്ര കടുത്ത പ്രതിഷേധത്തിനിടെയും ഇസ്രായേലിനെ മേഖലയിൽ അതിശക്തിയോടെ നിലനിർത്തുകയെന്ന യു.എസ് പദ്ധതി വ്യക്തമാക്കുന്നതാണ് പുതിയ കരാർ.
അതിനിടെ, അരലക്ഷം റിസർവിസ്റ്റുകളെ കൂടി അടിയന്തര സേവനത്തിന് വിളിച്ച് ഇസ്രായേൽ. ലബനാനിൽ സംഘർഷം കനക്കുന്നത് പരിഗണിച്ചാണ് സൈനിക നിര ശക്തിപ്പെടുത്തുന്നത്. ലബനാനോട് ചേർന്നുള്ള വടക്കൻ അതിർത്തിയിൽ ബുധനാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സന്ദർശനം നടത്തിയിരുന്നു.
ബുറൈജ് ക്യാമ്പിലിറങ്ങി സേന
ഗസ്സ സിറ്റി: ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. അഭയാർഥി ക്യാമ്പുകൾ ഏറെയായി ലക്ഷ്യമിടുന്ന ഇസ്രായേൽ സൈന്യം പുതുതായി ബുറൈജ് ക്യാമ്പിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ദെയ്ർ അൽബലഹിലെ ഗ്രാമങ്ങളിലും ആക്രമണം ശക്തമാണ്.
മധ്യ ഗസ്സയിൽ മാത്രം 24 മണിക്കൂറിനിടെ 66 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ജബലിയ ക്യാമ്പിൽ വ്യാപക അതിക്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം പിൻവാങ്ങിയതിനു പിന്നാലെയാണ് പുതിയ ക്യാമ്പ് ലക്ഷ്യമിടുന്നത്. സമ്പൂർണമായി നാമാവശേഷമാക്കിയ ജബലിയ ക്യാമ്പും പരിസരവും ദുരന്തബാധിത മേഖലയായി അധികൃതർ പ്രഖ്യാപിച്ചിരുന്നു.