ഉള്ളൊഴുക്കിന്റെ സെറ്റിൽ നെഗറ്റീവ് എനർജി തോന്നിയിരുന്നു; ഗംഗയിൽ മുങ്ങിയപ്പോൾ തിരിച്ച് പോകുന്നില്ലെന്ന് ഞാൻ; ഉർവശി
സിനിമാ രംഗത്ത് അന്നും ഇന്നും തന്റേതായ സ്ഥാനമുള്ള നടിയാണ് ഉർവശി. വർഷങ്ങളായി കരിയറിൽ തുടരുന്ന താരത്തിന് ബഹുമാന്യ സ്ഥാനം ഫിലിം മേക്കേർസും ആരാധകരും നൽകുന്നു. നടിയുടെ പുതിയ ചിത്രമാണ് ഉള്ളാെഴുക്ക്. പാർവതി തിരുവോത്തിനൊപ്പമാണ് ചിത്രത്തിൽ ഉർവശി അഭിനയിച്ചിരിക്കുന്നത്. ഉള്ളൊഴുക്കിനെക്കുറിച്ചും കരിയറിലെ പഴയ ഓർമകളെക്കുറിച്ചും സംസാരിക്കുകയാണ് ഉർവശി. ഫിലിം കംപാനിയനോടാണ് പ്രതികരണം.
ഉള്ളൊഴുക്കിന്റെ സെറ്റിൽ നെഗറ്റീവ് എനർജി തോന്നിയിരുന്നെന്ന് ഉർവശി പറയുന്നു. ഷൂട്ട് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് മാനസികമായി പ്രശ്നമായി. എന്തൊക്കെയോ ശരിയാവുന്നില്ല. ഇഷ്ടപ്പെട്ട് പെർഫോം ചെയ്യാൻ സ്കോപ്പുള്ള സിനിമ ചെയ്യുകയാണ്. ഞങ്ങൾ എൻജോയ് ചെയ്യുന്നു. ആദ്യമായി ഒരുമിച്ച് അഭിനയിക്കുകയാണെന്ന ഫീൽ ഇല്ല. പക്ഷെ സെറ്റിൽ എവിടെയോ എന്തോ പ്രശ്നം. അത് ഞാൻ സംവിധായകനോട് പറഞ്ഞു.
നിങ്ങളുടെ വിശ്വാസം അനുസരിച്ച് എന്തെങ്കിലും ചെയ്യൂ എന്ന് പറഞ്ഞു. ഒരു പള്ളീലച്ചനെ കൊണ്ട് വന്ന് അവിടെ വെഞ്ചരിപ്പിച്ചു. തൊട്ടപ്പുറത്ത് ചക്കുളത്ത് ദേവിയുടെ ക്ഷേത്രത്തിൽ പോയി പൂജിച്ച് തീർത്ഥം വാങ്ങി അവിടെയൊക്കെ തളിച്ചു. ഭയങ്കരമായ മാനസിക സംഘർഷത്തോടെ നിൽക്കുന്ന വീട്ടിലുണ്ടാവേണ്ട നെഗറ്റീവായിരുന്നു ലൊക്കേഷനിലെന്നും ഉർവശി ഓർത്തു.
ചില സ്ഥലത്ത് എനിക്ക് നെഗറ്റീവ് എനിക്ക് വല്ലാതെ ഫീൽ ചെയ്യും. നമ്മുടെ വീട്ടിൽ തന്നെ ചില സ്ഥലത്ത് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ വല്ലാതെ ഫീൽ ചെയ്യും. ചിന്തകളാണെങ്കിൽ പോലും അതിന് ചില വൈബ്രേഷനുണ്ട്. ഷൂട്ട് ചെയ്ത വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ വിശാലമായി ലോകത്തേക്ക് എത്തിപ്പെട്ടു എന്ന് തോന്നും. ചെവിയിൽ നിന്ന് ചൂട് കാറ്റ് പറക്കുന്നത് പോലെ തോന്നും.
ഹരിദ്വാരയിൽ പോയി ഗംഗയിൽ മുങ്ങിയപ്പോൾ എന്റെ ചെവിയിൽ നിന്നും മൂക്കിൽ നിന്നും ചൂടു കാറ്റ് പുറത്തേക്ക് വന്നു. ചിലപ്പോൾ മുങ്ങിക്കുളിച്ച് ശീലമല്ലാത്തത് കൊണ്ടാവാം. മൂന്ന് ദിവസം മുങ്ങിക്കുളിച്ചപ്പോൾ എന്തിനാണിപ്പോൾ നാട്ടിലേക്ക് പോകുന്നതെന്ന് എനിക്ക് തോന്നി. ഞാൻ ആ തീരുമാനം എടുത്തു. കൂടെയുള്ള സ്റ്റാഫ് പേടിച്ചു. ഒരാഴ്ചയായി ഞാനവിടെ നിന്ന് തിരിച്ച് വരാനെന്നും ഉർവശി ഓർത്തു.
ഉള്ളൊഴുക്ക് ഷൂട്ട് ചെയ്യുമ്പോൾ ചില അനർത്ഥങ്ങളും ഉണ്ടായെന്ന് ഉർവശി ഓർത്തു. എന്റെ സ്റ്റാഫുകളായ വന്ന പലരും വീട്ടിൽ ഓരോ പ്രശ്നങ്ങളായി പോയി. മൂന്ന് പേർ വന്ന് മൂന്ന് പേരും പോയി. പൂജകൾ നടത്തി പ്രാർത്ഥിച്ച ശേഷമാണ് പിന്നീട് ഷൂട്ട് ചെയ്തതെന്നും ഉർവശി പറയുന്നു.
മാളൂട്ടി എന്ന സിനിമയിൽ ജയറാമിനൊപ്പം റൊമാന്റിക് സീനുകൾ ചെയ്തതിനെക്കുറിച്ചും ഉർവശി സംസാരിച്ചു. അന്ന് ഞാൻ നഖം വളർത്തിയിട്ടുണ്ടായിരുന്നു. കൂടുതൽ ക്ലോസ് ആകുമ്പോൾ ഞാൻ കുത്തും. സീനിഷ്ടപ്പെട്ടില്ലെങ്കിൽ അവരോട് പറ പൊടി, എന്നെ കുത്താതെ എന്ന് ജയറാം പറയും. ഇതേക്കുറിച്ച് റിമി ടോമി എന്നോട് ചോദിച്ചിരുന്നു.
എന്തുവാടീ, നീ ചമ്മുന്നതെന്തിനെന്ന് ഞാനന്ന് ചോദിച്ചു. അല്ല, ആ പ്രണയം കണ്ടപ്പോൾ വല്ലാതെയെന്ന് റിമി. അന്ന് താൻ കൊച്ചിനെ ചീത്ത പറഞ്ഞെന്നും ഉർവശി ചിരിയോടെ ഓർത്തു. റൊമാന്റിക് സീനുകൾ ചെയ്യാൻ തനിക്ക് മടിയായിരുന്നെന്നും ഉർവശി വ്യക്തമാക്കി.