പൊലീസ് സ്റ്റേഷനിൽ പോയി ഒരു കാപ്പിയും കുടിച്ച് അൽപനേരം സൊറപറഞ്ഞിരിക്കാം; കഫേ റിസ്റ്റ കിടിലമെന്ന് നെറ്റിസൺസ്

പൊലീസ് സ്റ്റേഷനിൽ പോയി ഒരു കാപ്പിയും കുടിച്ച് അൽപനേരം സൊറപറഞ്ഞിരിക്കാൻ ആഗ്രഹമുണ്ടോ? എന്നാൽ നേരേ വിട്ടോളും നോയിഡയിലേക്ക്. ഉത്തർപ്രദേശിലെ നോയിഡയിൽ പോലീസ് കമ്മീഷണറേറ്റിനുള്ളിൽ സെക്ടർ 108-ൽ ഒരു കഫ്റ്റീരിയ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണ് ഈ കോഫീ ഷോപ്പ്. പൊതുജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുകയാണ് കഫേ റിസ്റ്റ എന്ന പേരിൽ പൊലീസ് ആരംഭിച്ച കോഫീ ഷോപ്പിന്റെ ലക്ഷ്യം.
ഐപിഎസ് ഉദ്യോഗസ്ഥരായ ലക്ഷ്മി സിങ്ങും ബബ്ലൂ കുമാറും ചേർന്നാണ് ഇത്തരത്തിൽ ഒരു ആശയം നടപ്പിലാക്കിയിരിക്കുന്നത്. കോഫി മാത്രമല്ല, രുചികരമായ ഭക്ഷണവും ഇവിടെ നിന്നും ലഭിക്കും. അതും കഴുത്തറുപ്പൻ വിലയൊന്നും നൽകാതെ തന്നെ. രുചികരമായ ഭക്ഷണവും ഒരു കപ്പ് കോഫിയും കുടിച്ച് സ്വസ്ഥമായിരിക്കാൻ സൗകര്യപ്രദമായ ഒരിടവും തേടുന്നവരെ സ്വാഗതം ചെയ്യുകയാണ് പൊലീസ്.
കമ്മീഷണറേറ്റിൻറെ കുടുംബ തർക്ക പരിഹാര ക്ലിനിക്കിന് സമീപത്തായാണ് കഫേ സജ്ജീകരിച്ചിരിക്കുന്നത്. ചിന്തോദ്ദീപകമായ ഉദ്ധരണികളോടെയുള്ള കഫേയുടെ ശാന്തമായ അന്തരീക്ഷം എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത് എന്നതാണ് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കഫേ റിസ്റ്റയുടെ വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടിക്കഴിഞ്ഞു. തീർത്തും നൂതനമായതും എന്നാൽ മികച്ചതുമായ ഒരു ആശയം എന്നാണ് ഈ സംരംഭത്തെ സ്വാഗതം ചെയ്ത് കൊണ്ട് നെറ്റിസൺസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
ആളുകൾ പലപ്പോഴും പോലീസിനെ ഭയത്തോടെയാണോ കാണുന്നതെന്നും അത്തരത്തിലൊരു ഭയപ്പാടിൻറെ യാതൊരുവിധ ആവശ്യവും ഇല്ലെന്നും വീഡിയോ പങ്കുവെച്ച് കൊണ്ട് നോയിഡ പോലീസ് കുറിച്ചു. യൂണിഫോം ധരിച്ചിട്ടുണ്ടെങ്കിലും തങ്ങളും സാധാരണ മനുഷ്യരാണെന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ ഈ കഫേ സാധാരണക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം വളർത്തുന്ന ഒരു പാലമാണെന്നും പോസ്റ്റിൽ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലും എക്സിലും വീഡിയോകൾ പങ്കുവയ്ക്കപ്പട്ടിട്ടുണ്ട്.