ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം സമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഗുരുവായൂര്‍: കണ്ണന്റെ സോപാനത്തില്‍ നറുനെയ്യും കദളിപ്പഴവും സമര്‍പ്പിച്ചും കാണിക്കയര്‍പ്പിച്ചും കേന്ദ്ര ടൂറിസം,പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സ്വീകരണം നല്‍കിയത്.മന്ത്രിയെ ദേവസ്വം ചെയര്‍മാന്‍ ഡോ. വികെവിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, ഡിഎ കെഎസ്മായാദേവി എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ജീവനക്കാര്‍ സ്വീകരിച്ചു.
ചെയര്‍മാന്‍ ഡോ വികെവിജയന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചപ്പോള്‍ ചെറുപുഞ്ചിരിയോടെ അദ്ദേഹത്തിന്റെ പ്രതികരണമിങ്ങനെ;ഗുരുവായൂരപ്പന്റേതെന്ന് കരുതി സ്വീകരിക്കുന്നുവെന്നായിരുന്നു.വൈകിട്ട് അഞ്ചരയോടെ ക്ഷേത്ര ദര്‍ശനത്തിനായെത്തി. കിഴക്കേ നടയിലെ ഗണപതി അമ്പലത്തില്‍ ഭഗവാനെ തൊഴുതു നാളികേരമുടച്ചു. തുടര്‍ന്നായിരുന്നു ഗുരുവായൂരപ്പനെ തൊഴാനെത്തിയത്.
ഗോപുര കവാടത്തില്‍ ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കല്‍, അസി. മാനേജര്‍ രാമകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു. ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്ത ശേഷം കൊടിമരച്ചുവട്ടില്‍ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. നറും നെയ്യും കദളിക്കുലയും സമര്‍പ്പിച്ചു.കാണിക്കയിട്ടു. 40 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ച കേന്ദ്ര മന്ത്രി വൈകിട്ട് ആറേകാലോടെയാണ് ദര്‍ശനം പൂര്‍ത്തിയാക്കി ഇറങ്ങിയത്.