കേരളത്തിലെ റയിൽപാത ഇരട്ടിപ്പിക്കലിന് മാത്രമായി ബജറ്റിൽ അനുവദിച്ചത് 1085 കോടി രൂപ; പാത നവീകരണത്തിനായി 300.19 കോടി രൂപയും
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തിലെ റയിൽപാത ഇരട്ടിപ്പിക്കലിന് മാത്രമായി മാറ്റിവച്ചിരിക്കുന്നത് 1085 കോടി രൂപയാണ്. സംസ്ഥാനത്തെ റയിൽവെ വികസനത്തിനായി ആകെ 3011 കോടി രൂപയാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിൽ 1085 കോടി രൂപ പാത ഇരട്ടിപ്പിക്കലിനായാണ്.
തുറവൂർ-അമ്പലപ്പുഴ (500 കോടി), തിരുവനന്തപുരം-കന്യാകുമാരി (365 കോടി), കുമ്പളം-തുറവൂർ (102.5 കോടി), എറണാകുളം-കുമ്പളം (105 കോടി), കുറുപ്പുന്തറ-ചെങ്ങന്നൂർ (11.5 കോടി), അമ്പലപ്പുഴ-ഹരിപ്പാട് (1.2 കോടി) എന്നിങ്ങനെയാണ് പാതയിരട്ടിപ്പിക്കൽ ജോലികൾക്കുള്ള വിഹിതം. ഷൊർണൂർ- എറണാകുളം മൂന്നാം പാത നിർമാണത്തിന് അഞ്ചുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
വിവിധ ലെവൽക്രോസുകൾക്കുപകരം മേൽപ്പാലങ്ങളും അടിപ്പാതകളും നിർമിക്കാൻ 44.33 കോടി രൂപയാണ് വിഹിതം. മൊത്തം 45 ലെവൽക്രോസുകൾക്കുപകരം മേൽപ്പാതകളും അടിപ്പാതകളും വരും. മൊത്തം പാത നവീകരണത്തിനായി 300.19 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
അങ്കമാലി-ശബരി പാതയ്ക്കായി 100 കോടി നീക്കിവെച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ അലൈൻമെന്റ് സംബന്ധിച്ച് വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. ചെങ്ങന്നൂർ മുതൽ പമ്പവരെയുള്ള പുതിയ ശബരിപാതയുടെ ശുപാർശയും പരിഗണനയിലുണ്ടെന്ന് കഴിഞ്ഞദിവസം റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വിശദീകരിച്ചിരുന്നു.
നീളമുള്ള തീവണ്ടികൾ നിർത്തിയിടാൻ തിരുവനന്തപുരം ഡിവിഷനുമാത്രം 47 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൊല്ലത്ത് ട്രാക്ക് മെഷീൻ സാറ്റലൈറ്റ് ഡിപ്പോയ്ക്ക് ഒരു കോടിരൂപ വകയിരുത്തി. ആലുവയിൽ അധിക നടപ്പാതയ്ക്ക് 59 ലക്ഷം. എറണാകുളത്ത് പുതിയ പിറ്റ്‌ലൈൻ നിർമാണത്തിന് ഒരുലക്ഷം എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്.