അതിവേഗ ട്രെയിൻ; ദുബായിൽനിന്ന് അബുദാബിയിലേക്കും തിരിച്ചും എത്താൻ വെറും അരമണിക്കൂർ
യുഎഇയുടെ റെയിൽ വികസന ട്രാക്കിൽ ഒരു നാഴികക്കല്ല് കൂടി. ഇത്തിഹാദ് റെയിൽ കൂടാതെ ഹൈ സ്പീഡ് റെയിൽ കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി. ആദ്യഘട്ട സർവീസ് 2030ഓടെ ആരംഭിക്കും. സർവീസ് തുടങ്ങിയാൽ അരമണിക്കൂർ കൊണ്ട് അബുദാബിയിൽനിന്ന് ദുബായിലും തിരിച്ചും എത്താം.
4 ഘട്ടങ്ങളായാണ് നിർമാണം. അബുദാബിയിൽനിന്ന് ദുബായിലേക്കുള്ള ആദ്യ ഘട്ടം 6 വർഷത്തിനകം യാഥാർഥ്യമാകും. മണിക്കൂറിൽ 320 കിലോമീറ്ററാകും വേഗം. രണ്ടാം ഘട്ടത്തിൽ അബുദാബി നഗരത്തിനുള്ളിൽ 10 സ്റ്റേഷനുകളുള്ള ഇൻ-സിറ്റി റെയിൽ വേ ശൃംഖല വികസിപ്പിക്കും. അബുദാബിയെയും അൽ-ഐനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് മൂന്നാം ഘട്ടം. നാലാം ഘട്ടത്തിൽ ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കും. പിന്നീട് യുഎഇയിലെ മറ്റു 4 എമിറേറ്റുകളെയും അതിവേഗ പാതയിൽ ബന്ധിപ്പിക്കാനാണ് പദ്ധതി. ഇത് പൂർണമാകുമ്പോൾ ദുബായിൽനിന്ന് അര മണിക്കൂറിനകം യുഎഇയുടെ എല്ലാ എമിറേറ്റുകളിലേക്കും എത്താനാകും.
അബുദാബിയിലെ അൽസഹിയ മുതൽ ദുബായിലെ അൽജദ്ദാഫ് വരെ 150 കി.മീ ദൈർഘ്യമുള്ളതായിരിക്കും ആദ്യ ഘട്ടം. 4 ഭാഗമായി തിരിച്ചുള്ള നിർമാണം 2025 മേയിൽ തുടങ്ങും. സായിദ് ഇന്റർനാഷനൽ, യാസ് ദ്വീപ് എന്നിവ ബന്ധിപ്പിച്ചാണ് ട്രാക്ക് കടന്നുപോകുക. മൊത്തം 31 കി.മീ. ദൈർഘ്യമുള്ള തുരങ്കനിർമാണ പ്രവർത്തനങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടും.
അൽ സഹിയ (എഡിടി), സാദിയത്ത് ദ്വീപ് (എഡിഎസ്), യാസ് ദ്വീപ് (യാസ്), അബുദാബി വിമാനത്താവളം (എയുഎച്ച്), ദുബായിലെ അൽ ജദ്ദാഫ് (ഡിജെഡി) എന്നിവിടങ്ങളിലാകും ആദ്യ 5 സ്റ്റേഷനുകൾ. ഇതിനിടെ പ്രാഥമിക പരിശോധാ ആരംഭിച്ചു. മാറ്റ്കോൺ ടെസ്റ്റിങ് ലബോറട്ടറിയും അബുദാബിയിലെ എൻജിനീയറിങ് ആൻഡ് റിസർച് ഇന്റർനാഷനലും ചേർന്നാണ് ട്രാക്ക് കടന്നുപോകുന്ന ഇടങ്ങളിൽ ഡ്രില്ലിങ് ടെസ്റ്റുകൾ നടത്തുന്നത്. സ്പാനിഷ് എൻജിനീയറിങ് കമ്പനികളായ സെനർ, ഇൻകോ എന്നിവയാണ് എൻജിനീയറിങ് കൺസൽറ്റന്റുമാർ.
അതിവേഗ റെയിലിന് പ്രത്യേക പാതയുണ്ടാകും. എന്നാൽ യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ, ദുബായ് മെട്രോ സർവീസുകൾ പരസ്പരം പ്രയോജനപ്പെടുത്തുംവിധം സ്റ്റേഷനുകളെ ഫീഡർ ബസ് മാർഗം ബന്ധിപ്പിക്കും.