‘നന്നായി വാ..’; ഭർത്താവിന്റെ മൂന്നാം വിവാഹത്തിന്റെ ക്ഷണക്കത്തിൽ ആശംസകളുമായി ആദ്യത്തെ രണ്ടു ഭാര്യമാർ
ഭർത്താവിന്റെ മറ്റൊരു വിവാഹത്തെ പ്രോത്സാഹിപ്പിക്കാത്തവരാണ് ഭൂരിഭാഗം ഭാര്യമാരും. മാത്രമല്ല, അത് സ്ത്രീകൾക്ക് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. എന്നാൽ ഭർത്താവിന്റെ മൂന്നാം വിവാഹം ആദ്യത്തെ രണ്ടു ഭാര്യമാർ ചേർന്ന് ആഘോഷപൂർവ്വം നടത്തി കൊടുത്ത ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ആന്ധ്രപ്രദേശിൽ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് സംഭവം. പണ്ടണ്ണ എന്നയാളുടെ ആദ്യ ഭാര്യയാണ് പാർവതമ്മ. ഇരുവർക്കും ഏറെ നാളായി ഒരു കുഞ്ഞ് ജനിക്കാത്തതിനെ തുടർന്ന് ഇയാൾ 2007 ൽ അപ്പളമ്മ എന്ന മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. പിന്നാലെ ഈ ദമ്പതികൾക്ക് ഒരു മകനും ജനിച്ചു.
എന്നാൽ പണ്ടണ്ണയ്ക്ക് മറ്റൊരു കുഞ്ഞു കൂടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഭർത്താവിന്റെ ഈ ആഗ്രഹം നിറവേറ്റാനായാണ് രണ്ടു ഭാര്യമാരും ചേർന്ന് പാണ്ഡനയെ മൂന്നാമതും വിവാഹം കഴിപ്പിക്കാനായി തീരുമാനിച്ചത്. അങ്ങനെ കഴിഞ്ഞ മാസം 25ന് തന്റെ രണ്ട് ഭാര്യമാരുടെയും സാന്നിധ്യത്തിൽ പണ്ടണ്ണ , ലാവണ്യ എന്ന യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ഭർത്താവിന് ആശംസകൾ അറിയിച്ച് രണ്ട് ഭാര്യമാരും ചേർന്ന് നൽകിയ വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.
കിഞ്ചുരു ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിൽ ലാവണ്യയുടെ ബന്ധുക്കളും പണ്ടണ്ണയുടെ നിലവിലുള്ള രണ്ട് ഭാര്യമാരും മകനും പങ്കെടുത്തു. ഭർത്താവിന്റെ വിവാഹം നടത്തി കൊടുത്ത ഭാര്യമാരെ വളരെ ആശ്ചര്യത്തോടെയാണ് സോഷ്യൽ മീഡിയ നോക്കിക്കാണുന്നത്.
ചിലരാകട്ടെ, ഇങ്ങനെയുള്ള രണ്ട് ഭാര്യമാരെ കിട്ടിയ ഭർത്താവ് വളരെ ഭാഗ്യവാനാണെന്ന് അഭിപ്രായപ്പെട്ടു. മറ്റൊരു കുഞ്ഞ് ജനിക്കണമെന്ന് ആഗ്രഹമുണ്ടായാൽ ഇയാൾ നാലാമതും വിവാഹം കഴിക്കുമോ എന്നാണ് മറ്റൊരാൾ എക്‌സിൽ (X) ചോദിച്ചത്.