ഷാർജയിൽ നാല് കാറുകൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
ഷാർജ: ഇന്നലെ വൈകിട്ട് എമിറേറ്റ്സ് റോഡിൽ നാല് കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കൂട്ടിയിടിക്കുന്നതിന് കാരണമായത് കാറുകൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ്.
വിവരം അറിഞ്ഞയുടൻ ഷാർജ പൊലീസ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ഒരു സ്ത്രീക്ക് നിസാര പരുക്കും മറ്റൊരാൾക്ക് ഗുരുതര പരുക്കുമാണ് ഉണ്ടായത്. ഇരുവരെയും അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സുരക്ഷിതമായ അകലം പാലിക്കാതെ വാഹനമോടിച്ചതാണ് അപകടത്തിന്റെ പ്രാഥമിക കാരണമെന്ന് ഷാർജ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം തലവൻ ലഫ്. കേണൽ അബ്ദുല്ല അൽ മൻദരി പറഞ്ഞു. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ഡ്രൈവർമാരുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഗതാഗത ബോധവൽക്കരണം വലുതാണ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ഈ നടപടികൾ അനിവാര്യമാണ്. വാഹനങ്ങൾക്ക് പിന്നിൽ സുരക്ഷിതമായ അകലം പാലിക്കാത്തതിന് യുഎഇയിൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും.