തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ ചവിട്ടി വയോധികന് ദാരുണാന്ത്യം
തിരുവനന്തപുരം: നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ ചവിട്ടി വയോധികന് ദാരുണാന്ത്യം. നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു (68) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ റോഡിലൂടെ നടന്നുവരുന്ന സമയത്താണ് വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേറ്റ് മരണപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് മറിഞ്ഞ് വൈദ്യുതി ലൈനിനുമേൽ വീണത്. വൈദ്യുതി കമ്പി പൊട്ടിവീണത് സമീപവാസികൾ മാരായമുട്ടം കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
മാരായമുട്ടം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.