വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ അതിക്രമിച്ചുകടന്നു; റഷ്യന്‍ പൗരന്‍ അറസ്റ്റില്‍

 വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ അതിക്രമിച്ചുകടന്നു; റഷ്യന്‍ പൗരന്‍ അറസ്റ്റില്‍

കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ അതിക്രമിച്ചുകടന്ന റഷ്യന്‍ പൗരന്‍ അറസ്റ്റില്‍. റഷ്യയിലെ കുര്‍ഗാന്‍ സ്വദേശി ഇലിയ ഇകിമോവാണ് (26) മുളവുകാട് പോലീസിന്റെ പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ 6.30ഓടെയായിരുന്നു സംഭവം. കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പടിഞ്ഞാറുഭാഗത്തെ മതില്‍ ചാടിക്കടന്ന് അകത്തുകടന്ന ഇയാളെ സുരക്ഷാജീവനക്കാര്‍ തടഞ്ഞുെവച്ച് പോലീസിന് കൈമാറുകയായിരുന്നു. രാജ്യസുരക്ഷ മുന്നില്‍ക്കണ്ട് റോ, ഐ.ബി. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടുണ്ട്.

രണ്ടുവര്‍ഷം മുന്‍പ് വിസിറ്റിങ് വിസയിലാണ് ഇലിയ ഇന്ത്യയിലെത്തിയത്. ഗോവയിലായിരുന്നു താമസം. അവിടെ വിവിധ ജോലികള്‍ ചെയ്തു കഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വിസ കാലാവധി അവസാനിച്ചതോടെയാണ് ഗോവ വിട്ടത്. രണ്ട് ദിവസം മുന്‍പാണ് കൊച്ചിയില്‍ എത്തിയത്.

എറണാകുളത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. രാവിലെ ഗോശ്രീ പാലം കാണാന്‍ പോയതാണെന്നും ഗൂഗിള്‍ മാപ്പ് തെറ്റിയതാണ് കാരണമെന്നുമാണ് ഇലിയയുടെ ആദ്യ മൊഴി.

ശൗചാലയം അന്വേഷിച്ചു പോയതാണെന്ന് പിന്നീട് മൊഴി നല്‍കി. ബോള്‍ഗാട്ടിക്ക് സമീപത്തെ രാമന്‍തുരത്ത് ഭാഗത്തുനിന്നാണ് ഇയാള്‍ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ എത്തിയത്. ഇയാളുടെ കൈവശം പാസ്‌പോര്‍ട്ടുമില്ല. മറ്റ് കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി.

ഇയാള്‍ക്കെതിരേ ഫോറിനേഴ്‌സ് ആക്ട്, പാസ്‌പോര്‍ട്ട് ആക്ട്, സുപ്രധാന മേഖലയില്‍ അതിക്രമിച്ചുകടക്കല്‍ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി.

Leave a Reply

Your email address will not be published. Required fields are marked *