പത്തനംതിട്ട ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു; നടപടി സിപിഎം ഭീഷണിയെ തുടർന്ന്
പത്തനംതിട്ട: കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. സിപിഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്നാണ് നടപടി. ഉദ്യോഗസ്ഥന്‍റെ കൈവെട്ടുമെന്നായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് അടച്ചിടൽ.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവിടെ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. വനഭൂമിയിലെ കൊടി നീക്കിയതിന് പിന്നാലെയാണ് തര്‍ക്കവും ഭീഷണിയും ഉണ്ടായത്.
കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം നേതാവ് ഭീഷണി മുഴക്കിയത്. അനധികൃതമായി സ്ഥാപിച്ച കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടും എന്നായിരുന്നു സിപിഎം നേതാവിന്റെ പരസ്യ ഭീഷണി. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്.
കോന്നി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപമാണ് സിഐടിയു അനധികൃതമായി കൊടി സ്ഥാപിച്ചത്. വനഭൂമിയിൽ കടന്ന് കയറിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് സിപിഎം വീണ്ടും ബലമായി കൊടി സ്ഥാപിച്ചു. അത് ഇതുവരെ നീക്കിയിട്ടില്ല.