‘ഒരു രാജി നാടകമെങ്കിലും നടത്തിക്കൂടേ?’; അണ്ണാമലെയ്ക്കു വിമര്‍ശനം, പരസ്യപ്രതികരണവുമായി നേതാക്കള്‍
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിക്കു സീറ്റൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലയ്‌ക്കെതിരെ പരസ്യ പ്രതികരണവുമായി നേതാക്കള്‍. അണ്ണാമല ഒരു കോക്കസിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രത്യേകിച്ച് ഒരു തന്ത്രവുമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
എന്തെങ്കിലും ഒരു ധാര്‍മികതയുണ്ടെങ്കില്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അണ്ണാമല രാജിവയ്ക്കുകയാണ് വേണ്ടതെന്ന് ബിജെപി ഇന്റലക്ച്വല്‍ സെല്‍ മേധാവി കല്യാണ്‍ രാമന്‍ പറഞ്ഞു. രാജി വച്ചില്ലെങ്കില്‍ രാജി നാടകം നടത്തുകയെങ്കിലും ചെയ്തു കൂടേ? അണ്ണാമലയ്ക്ക് അതിനുള്ള ധാര്‍മികതയൊന്നും ഇല്ലെന്ന് കല്യാണ്‍ രാമന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പു തന്ത്രം ഇല്ലാതിരുന്നതിനാലാണ് പാര്‍ട്ടിക്കു വോട്ടു നേടാനാവാതെ പോയതെന്ന് മുന്‍ സംസ്ഥാന അധ്യക്ഷ തമിഴിശൈ സൗന്ദരാജന്‍ പറഞ്ഞു. നമ്മള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കേണ്ടവരല്ല. മുന്‍പെല്ലാം തെരഞ്ഞെടുപ്പില്‍ നമുക്കു വോട്ടു നേടാനുള്ള തന്ത്രമുണ്ടായിരുന്നു. അണ്ണാമലയ്ക്ക് അത്തരമൊരു സമീപനമില്ലായിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയതു കൊണ്ടു കാര്യമൊന്നുമില്ല, അതുകൊണ്ടു ജനങ്ങളെ സേവിക്കാനാവില്ലെന്ന് തമിഴിശൈ സൗന്ദരാജന്‍ പറഞ്ഞു.
ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ചു നിന്നിരുന്നെങ്കില്‍ മുപ്പതു സീറ്റിലെങ്കിലും ജയിക്കാമായിരുന്നെന്ന, എഐഎഡിഎംകെനേതാവ് എസ്പി വേലുമണിയുടെ അഭിപ്രായത്തെ തമിഴിശൈ സൗന്ദരാജന്‍ പിന്തുണച്ചു. ചെന്നൈ സെന്‍ട്രലില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വിനോജ് പി സെല്‍വവും സമാനമായ അഭിപ്രായം മുന്നോട്ടുവച്ചു. സെന്‍ട്രലില്‍ വിനോജ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
താന്‍ മാത്രമാണ് മികച്ച എന്ന നിലയിലാണ് അണ്ണാമലൈ പെരുമാറുന്നതെന്ന് കല്യാണരാമന്‍ കുറ്റപ്പെടുത്തി. മറ്റു സീനിയര്‍ നേതാക്കളെല്ലാം ബാധ്യതയാണ് എന്ന നിലയിലാണ് അണ്ണാമലയുടെ പെരുമാറ്റം. കേന്ദ്ര നേതൃത്വത്തെ അണ്ണാമലെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കല്യാണരാമന്‍ കുറ്റപ്പെടുത്തി.