തിരുപ്പൂരിൽ പടക്കനിർമാണത്തിനിടെ സ്ഫോടനം; 9 മാസം പ്രായമുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു
തിരുപ്പൂർ: പാണ്ഡ്യൻ നഗർ പൊന്നമ്മാൾ വീഥിയിലെ വീട്ടിൽ പടക്കനിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ചു. കണ്ണൻ എന്ന കുമാർ (23), തിരിച്ചറിയാത്ത യുവതി, 9 മാസം പ്രായമായ ആലിയാസ്രിൻ എന്നിവരാണു മരിച്ചത്. സ്‌ഫോടനത്തിൽ വീട് പൂർണമായും തകർന്ന നിലയിലാണ്.
വീട്ടുടമ കാർത്തിയുടെ ബന്ധു ഈറോഡ് നമ്പിയൂരിൽ പടക്കവിൽപന നടത്തുന്ന ശരവണകുമാർ, ദീപാവലിയും ഉത്സവങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ ഓർഡർ ലഭിച്ചതിനെത്തുടർന്നു കാർത്തിയുടെ വീട്ടിൽ പടക്കനിർമാണം നടത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന കണ്ണനെ (23) കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിതറിത്തെറിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇരുവരും പടക്കനിർമാണത്തൊഴിലാളികളാണ്. സ്‌ഫോടനം നടന്ന വീടിന്റെ തൊട്ടടുത്ത വീട്ടിലെ മുഹമ്മദ് ഹുസൈന്റെ കുഞ്ഞ് ആലിയാസ്രിനു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.