നാലാമതൊരു എടിഎം കൂടി ലക്ഷ്യമിട്ടു; തൃശൂര്‍ എടിഎം കവര്‍ച്ചാ സംഘം പൊലീസ് കസ്റ്റഡിയില്‍; തെളിവെടുപ്പ് നാളെ
തൃശൂര്‍: തൃശൂരിലെ മൂന്നിടങ്ങളില്‍ എടിഎം കവര്‍ച്ച നടത്തി അറുപത്തേഴ് ലക്ഷം കവര്‍ന്ന സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. തമിഴ്‌നാട്ടില്‍ പിടിയിലായ സംഘത്തേയും കൊണ്ട് കേരള പോലീസ് തൃശൂരിലെത്തി. സേലം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അഞ്ചംഗ എടിഎം കവര്‍ച്ചസംഘത്തെയാണ് കേരള പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയത്. പ്രതികളുമായി നാളെ വിശദമായ തെളിവെടുപ്പ് നടത്തും.
അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടതെന്നാണ് അറിയുന്നത്. പുതിയ നിയമസംഹിത അനുസരിച്ച് പ്രതികളെ ഒന്നിലേറെ തവണ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അനുമതിയുണ്ട്. ആവശ്യമെങ്കില്‍ വീണ്ടും ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസിന് അപേക്ഷ നല്‍കാം.
മാപ്രാണം, തൃശൂര്‍ ഷൊര്‍ണൂര്‍ റോഡിലെ എടിഎം, കോലഴി പൂവണി എന്നിവിടങ്ങളില്‍ നാളെത്തന്നെ തെളിവെടുപ്പ് നടത്തും. വിരലടയാളങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയെല്ലാം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്തംബര്‍ 27നാണ് നാടിനെ ഞെട്ടിച്ച് ഒരേ ദിവസം മൂന്ന് എസ്ബിഐ എടിഎമ്മുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് 67 ലക്ഷം കവര്‍ന്നത്. കാറിലെത്തിയ നാലംഗസംഘമാണ് കവര്‍ച്ചനടത്തിയത്. നാലാമതൊരു എടിഎം കവര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ആള്‍ പെരുമാറ്റവും വാഹനം കടന്നുപോകുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ അപകട സാധ്യത തിരിച്ചറിഞ്ഞ് പദ്ധതി ഒഴിവാക്കുകയായിരുന്നു
പണവുമായി കടന്ന സംഘത്തെ തമിഴ്നാട് നാമക്കല്‍ പൊലീസാണ് പിടികൂടിയത്. ഇവര്‍ പണമടങ്ങിയ കാര്‍ കണ്ടെയ്നറില്‍ കയറ്റി നീങ്ങുകയായിരുന്നു. തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സംഘാംഗമായ കണ്ടെയ്നര്‍ ഡ്രൈവര്‍ വെടിയേറ്റു മരിച്ചിരുന്നു. മറ്റൊരാള്‍ക്ക് വെടിയേറ്റു. രണ്ടു പൊലീസുകാര്‍ക്കും പരുക്കേറ്റു. ഹരിയാന സ്വദേശികളാണ് പ്രതികള്‍.