ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, അഭിപ്രായങ്ങൾ പരിഗണിക്കണം, തിരുത്താൻ പാർട്ടി തയ്യാറാവണം’; തോമസ് ഐസക്

 ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, അഭിപ്രായങ്ങൾ പരിഗണിക്കണം, തിരുത്താൻ പാർട്ടി തയ്യാറാവണം’; തോമസ് ഐസക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ തുറന്ന വിമർശനവുമായി സിപിഎം നേതാവ് ഡോ. ടിഎം തോമസ് ഐസക് രംഗത്ത്. ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണമെന്ന് തോമസ് ഐസക് പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തോമസ് ഐസകിന്റെ അഭിപ്രായ പ്രകടനം.

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ഇക്കുറി ലഭിച്ചില്ലെന്നാണ് തോമസ് ഐസക് പറയുന്നത്. പാർട്ടി ജനങ്ങളുടേതാണെന്നും പാർട്ടിക്കുള്ളിൽ അച്ചടക്കം സ്വയം തീരുമാനിച്ചെടുക്കണമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. തുറന്ന മനസോടെ ജനങ്ങളുടെ വിമർശനങ്ങൾ കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്നത് കൃത്യമായി പരിശോധിക്കണമെന്നും അത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരസ്‌പര ബഹുമാനം ഇല്ലാതെ വർത്തമാനങ്ങളുണ്ടായി. അങ്ങനെയുള്ള ശൈലി അല്ല സോഷ്യൽ മീഡിയയിൽ വേണ്ടതെന്നും ഓരോ പ്രവർത്തകനും സ്വയം പോരാളിയായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കണമെന്നും ഐസക് പറഞ്ഞു.

ഇവരിൽ പാർട്ടി മെമ്പർമാരല്ല അനുഭാവികളാണ്, രൂക്ഷമായ ഭാഷയിലാവും പലരും പ്രതികരിക്കുക. അവരെ നിരുൽസാഹപ്പെടുത്തുകയല്ല തിരുത്തുകയാണ് വേണ്ടത്. ജനങ്ങളോട് തുറന്ന മനസോടെ സംവദിക്കണം. ജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കണം. പാർട്ടി പാർട്ടിക്കാരുടേതല്ല, ജനങ്ങളുടെ പാർട്ടിയാണെന്നും മുൻ ധനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് സിപിഎമ്മിനും ഇടതുമുന്നണിക്കും നേരിടേണ്ടി വന്നത്. സീറ്റുകളിൽ കഴിഞ്ഞ തവണത്തേതിന് സമാനമായി ഒരെണ്ണം മാത്രമാണ് കിട്ടിയതെങ്കിലും വോട്ട് വിഹിതത്തിൽ വന്ന കുറവാണ് പാർട്ടിയെ ചിന്തിപ്പിക്കുന്ന ഘടകം. അതും പലയിടത്തും വൻ ഇടിവാണ് നേരിട്ടത്.

കൂടാതെ ബിജെപി കേരളത്തിൽ ഒരു സീറ്റ് നേടുകയും ചില മണ്ഡലങ്ങളിൽ രണ്ടാമത് എത്തുകയും ചെയ്‌തത്‌ ഇടത് കേന്ദ്രങ്ങളെ ചെറുതായൊന്നുമല്ല ആശങ്കയിൽ ആഴ്ത്തുന്നത്. കൂടാതെ തോമസ് ഐസക്കിന്റെ പ്രവർത്തന മേഖലയായ ആലപ്പുഴ ഉൾപ്പെടെ സിപിഎമ്മിന്റെ വോട്ട് വിഹിതത്തിൽ കാര്യമായ ഇടിവ് നേരിട്ട് മണ്ഡലങ്ങളിൽ ഉൾപ്പെടുന്നു.

ഇതിന്റെ ക്ഷീണം മാറും മുൻപാണ് തോമസ് ഐസക്കിനെ പോലെയൊരു നേതാവ് തന്നെ പാർട്ടി തിരുത്തലുകൾക്ക് വിധേയമാകണം എന്ന അഭിപ്രായവുമായി രംഗത്ത് വരുന്നത്. കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ ഇക്കാര്യത്തിൽ തിരുത്തൽ നടത്തുമെന്ന് അറിയിച്ചിരുന്നു. പെൻഷൻ മുടങ്ങിയത് ഉൾപ്പെടെ തിരിച്ചടിയായെന്നാണ് എംവി ഗോവിന്ദന്റെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *