നെഞ്ചിലേറ്റ ക്ഷതവും, എല്ലുകളുടെ പൊട്ടലും മരണകാരണമായി; മാറനല്ലൂരിലെ വീട്ടമ്മയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

 നെഞ്ചിലേറ്റ ക്ഷതവും, എല്ലുകളുടെ പൊട്ടലും മരണകാരണമായി; മാറനല്ലൂരിലെ വീട്ടമ്മയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം. മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൂവളശ്ശേരി അപ്പു നിവാസിൽ പരേതനായ കൊച്ചനിയന്റെ ഭാര്യ കെ.ആർ.ജയ (58) യുടെ മരണം കൊലപാതകം. സംഭവത്തിൽ ജയയുടെ മകൻ ബിജു കെ. നായരെ (അപ്പു-31) മാറനല്ലൂർ പോലീസ്‌ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ജയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ മരിച്ചതായി ബിജുവാണ് സുഹൃത്തിനെ വിളിച്ചറിയിക്കുന്നത്. സുഹൃത്ത് വീട്ടിലെത്തിയപ്പോൾ ജയ വീടിന്റെ ഹാളിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ പഞ്ചായത്തംഗത്തെയും നാട്ടുകാരെയും വിവരമറിയിച്ചു.

പഞ്ചായത്തംഗവും മാറനല്ലൂർ പോലീസും സ്ഥലത്ത് എത്തിയപ്പോൾ വീടിനുള്ളിലെ കട്ടിലിൽ ജയ കിടക്കുന്നതാണ് കണ്ടത്. നാട്ടുകാർ ദുരൂഹതയാരോപിച്ചതിനെ തുടർന്ന് ബിജുവിനെ ചൊവ്വാഴ്ച തന്നെ മാറനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തെങ്കിലും ഇയാൾ കുറ്റം സമ്മതിച്ചില്ല.

മദ്യപാനിയായ ബിജു അമ്മയെ നിരന്തരം മർദിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. തിങ്കളാഴ്ച രാത്രിയിലും വീട്ടിൽ ജയയുടെ നിലവിളി കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ജയയെ മർദിക്കുന്നത് കണ്ട സമീപവാസികൾ പോലീസിനെ വിവരമറിയിക്കാൻ ശ്രമിച്ചപ്പോൾ ജയ തടഞ്ഞു. ഇതു കാരണം ഇവരുടെ വീട്ടിലെ പ്രശ്‌നങ്ങളിൽ തുടർന്ന് ആരും ഇടപെട്ടിരുന്നില്ല.

നിരന്തരമായ മർദനവും മരണം മണിക്കൂറുകൾക്ക് മുമ്പ് നെഞ്ചിലേറ്റ ശക്തമായ ചവിട്ടും, എല്ലുകളുടെ പൊട്ടലുമാണ് മരണകാരണമെന്ന്‌ മൃതദേഹപരിശോധനാ റിപ്പോർട്ടിൽ പറയുന്നത്. പരിശോധനകൾക്കുശേഷം ബുധനാഴ്ച ഉച്ചയോടുകൂടി ജയയുടെ മൃതദേഹം ബന്ധുക്കളും പഞ്ചായത്തംഗം അന്റോയും നാട്ടുകാരും ചേർന്ന് മാറനല്ലൂർ പൊതുശ്മശാനത്തിൽ സംസ്‍കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *