നെയ്യെക്കാൾ വില മീനെണ്ണക്ക്; തിരുപ്പതി ലഡ്ഡു വിവാദം അടിസ്ഥാനരഹിതമെന്ന് കമ്പനി ജീവനക്കാരൻ
ചെന്നൈ: തിരുപ്പതി ലഡുവിൽ ചേർക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മീനെണ്ണ ചേർത്തിട്ടുണ്ടെന്ന കണ്ടെത്തൽ തെറ്റാണെന്ന് കമ്പനി ജീവനക്കാരൻ. ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നത് തമിഴ്നാട്ടിലെ എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു കമ്പനിയാണ്. മീനെണ്ണയ്‌ക്ക് നെയ്യിനെക്കാെൾ വിലയാണെന്നതുകൊണ്ടുതന്നെ നെയ്യിൽ മീനെണ്ണ ഉപയോഗിച്ചെന്നു പറയുന്നത് ശുദ്ദ അസംബന്ധമാണെന്നും കഴമ്പില്ലാത്ത ആരോപണങ്ങളാണ് തങ്ങൾക്കെതിരെ ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രത്തിലെ പ്രസാദമായി നൽകുന്ന ലഡ്ഡുവിലാണ് മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന വാദം ഉയർന്നത്.
മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെങ്കിൽ അത് മണം കൊണ്ട് തിരിച്ചറിയാൻ സാധിക്കുമെന്ന് കമ്പനിയുടെ ഗുണനിലവാര വിദഗ്ധനായ കണ്ണൻ പറഞ്ഞു. തങ്ങളുടെ ബിസിനസ് തകർക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുമെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി ജീനനക്കാർ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
1998 മുതൽ നെയ്യ് ഉത്പാദനം ആരംഭിച്ചതാണെന്നും 102 തരത്തിലുള്ള ഗുണനിലവാര ടെസ്റ്റുകൾ നടത്തിയതിനു ശേഷമാണ് അത് നെയ്യുണ്ടാക്കാനായി ഉപയോഗിക്കുന്നതെന്നും കണ്ണൻ പറയുന്നു.മാത്രമല്ല ദേശീയ ലബോറട്ടറികളിൽ പരിശോധനയ്‌ക്ക് വിധേയമാക്കുകയും അവിടെ നിന്ന് അനുമതി ലഭിച്ച ശേഷം ടിടിഡിയിലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനും പരിശോധിച്ച് ഉറപ്പുവരുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.