എപ്പോഴും വിശപ്പുള്ളവരാണോ നിങ്ങൾ, എന്നാൽ ഇതായിരിക്കും പ്രശ്നം

 എപ്പോഴും വിശപ്പുള്ളവരാണോ നിങ്ങൾ, എന്നാൽ ഇതായിരിക്കും പ്രശ്നം

ചിലരെ കണ്ടിട്ടില്ലെ എപ്പോഴും വിശപ്പായിരിക്കും. എത്ര കഴിച്ചിട്ടും എന്താണ് വിശപ്പ് മാറാത്തത് എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ടെ നിങ്ങൾക്ക്? അതിൻ്റെ കാരണം പലതുണ്ടായിരിക്കും. ശരിയായ രീതിയിലുള്ള ആഹാരവും ജീവിതശൈലിയുമൊക്കെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കഴിക്കുന്ന ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ചില പോഷകങ്ങളുടെ അഭാവം, ഉറക്കമില്ലായ്മ, അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയൊക്കെ കാരണമാകാം ഇങ്ങനെ എപ്പോഴും വിശക്കുന്നത്. ശരീരത്തിന് തരുന്ന ചില സൂചനകളാണിത്. ജലാംശം നിലനിർത്തുന്നതും ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നതും വിശപ്പ് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണ്. മെറ്റബോളിസം, ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങളുടെ ഫലമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ്, സ്ട്രെസ് ലെവലുകൾ, അന്തർലീനമായ മെഡിക്കൽ അവസ്ഥകൾ എന്നിവയും വിശപ്പിൻ്റെ അളവിനെ സ്വാധീനിക്കും.

പ്രമേഹം
ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. ഈ അവസ്ഥയെ പേടിക്കേണ്ടത് വളരെ പ്രധാനമാണ്. എപ്പോഴും വിശപ്പ് തോന്നുന്നത് ഒരുപക്ഷെ പ്രമേഹത്തിൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്നായിരിക്കാം. ശരീരം ഇൻസുലിൻ ഉത്പ്പാദനം ശരിയായി നടത്താതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് കോശങ്ങൾക്ക് ശരിയായ ഊർജ്ജം കിട്ടാതാക്കുകയും എപ്പോഴും വിശപ്പ് തോന്നിപ്പിക്കുകയും ചെയ്യും.

ഉറക്കമില്ലായ്മ
ഈ അടുത്ത കാലത്തായി പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതാവാം ഉറക്കമില്ലായ്മ. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങൾക്ക് കൃത്യമായ ഉറക്കം വളരെ പ്രധാനമാണ്. ഉറക്കമില്ലായ്മ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകാം. ഇത് വിശപ്പ് കൂട്ടും. വിശപ്പിൻ്റെ ഹോർമോണുകളെ ബാധിക്കുന്നതിലൂടെ ആണ് വിശപ്പ് കൂടുന്നത്. ഇത് കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കാൻ ഇടയാക്കും.

മാനസിക സമ്മർദ്ദം
ജോലി ഭാരം, വീട്ടിലെ പ്രശ്നങ്ങൾ, അമിതമായ മറ്റ് ടെൻഷനുകൾ എല്ലാം മാനസിക സമ്മർദ്ദം കൂട്ടാനുള്ള കാരണങ്ങളാണ്. സമ്മർദ്ദം കൂടുമ്പോൾ കോർട്ടിസോൾ എന്ന ഹോർമോണും ക്രമാതീതമായി ഉയരും. ഇത് അമിതമായ വിശപ്പിന് കാരണമാകും. വിശപ്പില്ലെങ്കിലും വിശപ്പ് തോന്നിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും. ഇതിനെയാണ് സ്ട്രെസ് ഈറ്റിങ് എന്ന് വിളിക്കുന്നത്.

പ്രോട്ടീനിൻ്റെ അഭാവം
എപ്പോഴും വിശപ്പ് തോന്നുന്നതിൻ്റെ മറ്റൊരു പ്രധാന കാരണം പ്രോട്ടീനിൻ്റെ അഭാവമാണ്. ദൈനംദിന ഭക്ഷണക്രമത്തിൽ കൃത്യമായ അളവിലുള്ള പ്രോട്ടീനുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് അമിതമായ വിശപ്പ് കുറയ്ക്കാൻ ഏറെ സഹായിക്കും. ശരീരത്തിൽ പ്രോട്ടീൻ കുറവാണെങ്കിൽ എപ്പോഴും വിശപ്പ് തോന്നാൻ ഇടയുണ്ട്. വിശപ്പിനെ നിലയ്ക്ക് നിർത്താൻ ആവശ്യത്തിന് പ്രോട്ടീനുകൾ കഴിക്കാൻ ശ്രമിക്കുക.

വെള്ളം കുടിക്കുക
വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ പ്രധാനമാണ്. ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അനാവശ്യ വിശപ്പിനെ തുരത്താൻ ധാരാളം വെള്ളം കുടിക്കുക. മാത്രമല്ല ഭക്ഷണം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കും. നിർജ്ജലീകരണം ഊർജ്ജത്തെ ഇല്ലാതാക്കും. മാത്രമല്ല വെള്ളം കുടിക്കുന്നത് കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കാനുള്ള കൊതിയും ഇല്ലാതാക്കും.

Leave a Reply

Your email address will not be published. Required fields are marked *