തിയറ്ററുകളിലെ തിരക്ക് കുറഞ്ഞു, സംസ്ഥാനത്തെ തിയറ്ററുകൾ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടാൻ തീരുമാനിച്ച് തെലങ്കാന എക്‌സിബിറ്റേഴ്‌സ്

 തിയറ്ററുകളിലെ തിരക്ക് കുറഞ്ഞു, സംസ്ഥാനത്തെ തിയറ്ററുകൾ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടാൻ തീരുമാനിച്ച് തെലങ്കാന എക്‌സിബിറ്റേഴ്‌സ്

തെലങ്കാന എക്‌സിബിറ്റേഴ്‌സ് സംസ്ഥാനത്തെ തിയറ്ററുകൾ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടുന്നു. തിയറ്ററുകളിലെ തിരക്ക് കുറഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനം. സംസ്ഥാനത്താകെ 400-ലധികം തിയറ്ററുകൾ ഉണ്ട്‌. ഈ മാസം 17 മുതൽ 10 ദിവസത്തേക്കാണ് തിയറ്ററുകൾ അടച്ചിടുന്നത്. ചിലപ്പോൾ അ‍ഞ്ച് ദിവസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

അടുത്തകാലത്തായി തെലുങ്കിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് മികച്ച കളക്ഷൻ നേടാനാകാതെ പോയത് തിയറ്ററുകളെ സാരമായി ബാധിച്ചിരുന്നു. നിർമ്മാതാക്കൾ വലിയ പ്രൊമോഷനുകൾ നടത്തിയിട്ടു പോലും പ്രേക്ഷകർ തിയറ്ററുകളിലേക്ക് എത്താൻ മടിക്കുന്നുവെന്നാണ് തിയറ്റർ ഉടമകൾ പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ 40-ലധികം സിനിമകൾ പുറത്തിറങ്ങിയെങ്കിലും തിയറ്ററുകളിൽ ഒരു ചലനവും സൃഷ്ടിക്കാൻ ആയില്ല.

അതിശക്തമായ ചൂടും ഇന്ത്യൻ പ്രീമിയർ ലീ​ഗും ലോക്സഭ തിരഞ്ഞെടുപ്പുമൊക്കെയാണ് പ്രേക്ഷകരെ തിയറ്ററുകളിലേക്കെത്തിക്കാൻ പിന്തിരിപ്പിക്കുന്നതെന്നാണ് വിലയിരുത്തലുകൾ. ആന്ധ്ര പ്രദേശിലെ 800-ഓളം തിയറ്ററുകൾ അടച്ചുപൂട്ടാനും തെലുങ്കാന എക്‌സിബിറ്റർമാർ സമീപിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലെല്ലാം ഏപ്രിൽ, മെയ് മാസങ്ങളിൽ തിയറ്ററുകളിൽ വൻ തിരക്കായിരുന്നു.

ഈ വർഷമാണ് തിയറ്ററുകളിലെത്തുന്ന ആളുകളുടെ എണ്ണത്തിൽ ​ഗണ്യമായ കുറവ് സംഭവിച്ചത്. തിയറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് ചെലവേറിയ കാര്യമായി മാറിയിരിക്കുന്നു. പ്രേക്ഷകരില്ലാതെ തിയറ്ററുകൾ പ്രവർത്തിപ്പിച്ചാൽ തങ്ങൾക്ക് കൂടുതൽ നഷ്ടമുണ്ടാകുമെന്ന് തെലങ്കാനയിലെ എക്‌സിബിറ്റേഴ്‌സ് ആൻഡ് കൺട്രോളേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് വിജയേന്ദർ റെഡ്ഡി പറഞ്ഞു. അതേസമയം നിരവധി ചിത്രങ്ങളാണ് തെലുങ്കിൽ റിലീസിനായി തയ്യാറെടുക്കുന്നത്. പ്രഭാസ് ചിത്രം കൽക്കി, അല്ലു അർജുന്റെ പുഷ്പ 2, കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2, റാം ചരൺ നായകനാകുന്ന ​ഗെയിം ചേഞ്ചർ തുടങ്ങി നിരവധി ചിത്രങ്ങളാണ് റിലീസിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *