യുവതിയെ മടിയിലിരുത്തി ബൈക്കോടിച്ച് യുവാവിന്റെ സാഹസികത; ഇരുവരെയും കണ്ടെത്തി പൊലീസ്
ബെംഗളൂരു: യുവതിയെ മടിയിലിരുത്തി ബൈക്കോടിച്ച യുവാവിനേയും യുവതിയേയും ഒടുവിൽ പൊലീസ് കണ്ടെത്തി. ബെംഗളൂരുവിൽ ഫ്ളൈ ഓവറിലൂടെ അപകടകരമായി ബൈക്കോടിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ബെംഗളുരു പൊലീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബൈക്കിലെ യാത്രക്കാരെ ഞങ്ങൾ കണ്ടെത്തി. നേരത്തെ ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.- നോർത്ത് ബെംഗളൂരു ട്രാഫിക് ഡിസിപി പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തോ എന്ന് വ്യക്തമല്ല.
വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാൾ മേൽപ്പാലത്തിലാണ് സംഭവം. യുവതി യുവാവിന്റെ മടിയിലിരുന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. യുവതി ബൈക്ക് യാത്രികൻ്റെ മടിയിൽ ഇരിക്കുന്നതും കഴുത്തിൽ കൈകൾ ചുറ്റിയിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ബംഗളൂരു ട്രാഫിക് പൊലീസ് ബൈക്കിൻ്റെ നമ്പർ പ്ലേറ്റും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച് ഇരുവരേയും കണ്ടെത്തുകയായിരുന്നു.