സംഘാംഗങ്ങള്‍ ഗുണ കേവിലേക്ക് കടന്നു കയറിയതാണ്, പൊലീസുകാരെ കുറ്റം പറയാനാകില്ല; സംവിധായകന്‍ ചിദംബരം
മലപ്പുറം: ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് തമിഴ്നാട്ടിലെ ഗുണാ കേവും കേരളത്തിലെ എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലവും ചർച്ചകളിൽ നിറഞ്ഞത്. സിനിമ കേരളത്തിലും തമിഴ്നാട്ടിലും വൻ ഹിറ്റായതിന് പിന്നാലെ സിനിമയ്ക്കു കാരണമായ യഥാർഥസംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശികളായ യുവാക്കളെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാരെ കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് ആഭ്യന്തരസെക്രട്ടറി പി. അമുദ തമിഴ്‌നാട് ഡി.ജി.പി.യോട് നിർദേശിച്ചിരുന്നു.
സംഭവം നടന്ന് 18 വർഷങ്ങൾക്ക് ശേഷമാണ് അന്വേഷണം എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ കേസില്‍ അന്വേഷണം അനാവശ്യമെന്ന് സംവിധായകന്‍ ചിദംബരം പ്രതികരിച്ചു.
സംഘാംഗങ്ങള്‍ ഗുണ കേവിലേക്ക് കടന്നു കയറിയതാണ്. തിരഞ്ഞെടുപ്പുകാലത്ത് എത്തിയ പൊലീസുകാരാണ് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പൊലീസുകാരെ കുറ്റം പറയാനാകില്ലെന്നും ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ സംവിധായകന്‍ ചിദംബരം പറഞ്ഞു. അതിനിടെ തമിഴ്നാട് പൊലീസില്‍ നിന്ന് നേരിട്ട പീഡനത്തില്‍ അന്വേഷണം വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് മഞ്ഞുമ്മല്‍ ടീം.
അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും. ഇനി അന്വേഷണമോ നടപടിയോ വേണ്ടെന്ന് അപകടത്തില്‍ രക്ഷകനായ സിജു ഡേവിഡ് പറഞ്ഞു. ഇനിയെങ്കിലും കാര്യങ്ങളെ മുന്‍വിധിയോടെ സമീപിക്കരുതെന്നാണ് അഭ്യര്‍ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ഞുമ്മല്‍ ടീം നേരിട്ട പൊലീസ് നടപടി അന്വേഷിക്കാന്‍ തമിഴ്നാട് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരുന്നു.