‘ഒരു ഒപ്പിന് ഒരുമ്മ’; ഹാജർ ബുക്കിൽ ഒപ്പുവയ്ക്കാൻ ടീച്ചർമ്മാരോട് ചുംബനം ചോദിച്ച് അധ്യാപകൻ, ദൃശ്യങ്ങൾ പുറത്ത്
ഹാജർ ബുക്കിൽ ഒപ്പുവെക്കാൻ വനിതാ ടീച്ചർമ്മാരോട് ചുംബനം ചോദിച്ച അധ്യാപകന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. ലൈംഗികചുവയോടെ സംസാരിക്കുന്നതും ചുംബനം ചോദിക്കുന്നതുമായ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. ഹാജർ ഒപ്പിടാന്‍ അനുവദിക്കണമെങ്കില്‍ ഉമ്മ നല്‍കണമെന്നാണ് അധ്യാപകന്‍ പറയുന്നത്. ടീച്ചര്‍മാര്‍ ഇതിനെ എതിര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
രണ്ട് ദിവസം മുമ്പ് യുപിയിലെ ഉന്നാവോയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്റെ ഭാഗത്തു നിന്നാണ് ഈ വഷളന്‍ പെരുമാറ്റമുണ്ടായത്. ഇയാളുടെ മോശം പെരുമാറ്റം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ടീച്ചര്‍മാര്‍ ദശ്യം പകര്‍ത്തി പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊതുസമൂഹം ഇക്കാര്യമറിഞ്ഞത്. ഹാജര്‍ പുസ്തകം കൈയ്യടക്കി വച്ചിരുന്ന അധ്യാപകന്‍ ഒപ്പിടണമെങ്കില്‍ താന്‍ പറയുന്ന വ്യവസ്ഥ അംഗീകരിക്കണമെന്നാണ് ആദ്യം അവശ്യപ്പെടുന്നത്. എന്താണ് എന്ന് ചോദിച്ചപ്പോഴാണ് ചുംബനം ആവശ്യപ്പെട്ടത്.
മുഖത്തടിച്ച പോലെ ടീച്ചര്‍ മറുപടി പറയുന്നതും വീഡിയോയിലുണ്ട്. – ‘തന്റെ വ്യവസ്ഥ എനിക്ക് സ്വീകാര്യമല്ല, മഹാ വൃത്തികെട്ട വര്‍ത്തമാനമാണിത്’ എന്നാണ് അവർ ദേഷ്യത്തോടെ പറയുന്നത്. ഈ സമയം ഒരു വഷളന്‍ ചിരിയോടെ പ്രതികരിക്കുകയാണ് അധ്യാപകന്‍ ചെയ്തത്.
ടീച്ചറോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പുറത്താക്കണമെന്ന ആവശ്യം സജീവമാണ്. തെമ്മാടിത്തം പറഞ്ഞ അയാളുടെ ചെവിക്കുറ്റി അടിച്ച് പൊട്ടിക്കണമായിരുന്നു എന്ന അഭിപ്രായത്തിനാണ് സോഷ്യല്‍മീഡിയയില്‍ മുന്‍തൂക്കം. സംസ്ഥാനത്ത് സര്‍ക്കാര്‍ അധ്യാപകര്‍ക്കായി നടപ്പാക്കിയ ഡിജിറ്റല്‍ അറ്റന്‍ഡന്‍സ് സിസ്റ്റം പരാജയപ്പെട്ടതോടെയാണ് അധ്യാപികമാര്‍ക്ക് ബുക്കില്‍ ഒപ്പിടേണ്ടി വന്നത്.