ജെ. ആർ.ഡി. ടാറ്റയുടെ സ്വപ്നം പൂവണിയിച്ച രത്തൻ ടാറ്റ

 ജെ. ആർ.ഡി. ടാറ്റയുടെ സ്വപ്നം പൂവണിയിച്ച രത്തൻ ടാറ്റ

ദേശസാത്കരണത്തി​ന്റെ ഭാ​ഗമായി ടാറ്റയുടെ സ്വന്തം എയർ ഇന്ത്യ സർക്കാരി​ന്റെ ഉടമസ്ഥതയിലായപ്പോൾ അത്യധികം വേ​ദനയിലായ രത്തൻ ടാറ്റയെ സന്തോഷിപ്പിച്ച ഒരു കാര്യമാണ് 2022 ൽ സംഭവിച്ചത്. എയർ ഇന്ത്യയെ തിരിച്ചുപിടിക്കാൻ പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ പോയെങ്കിലും 68 വർഷങ്ങൾക്കു ശേഷം 2022 ൽ എയർ ഇന്ത്യ തിരികെ ടാറ്റ കുടുംബത്തിലേക്കെത്തി. എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള ലേലത്തിൽ ടാറ്റ ഗ്രൂപ്പ് വിജയിച്ചപ്പോൾ ടാറ്റ സൺസ് ചെയർമാൻ എമരിറ്റസ് ആയിരുന്ന രത്തൻ ടാറ്റ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: ‘തിരികെ സ്വാഗതം’.

1932 ഏപ്രിലിൽ ടാറ്റ എയർലൈൻസ് എന്ന കമ്പനിക്ക്, രാജ്യത്തെ ആദ്യ പൈലറ്റ് ലൈസൻസ് ലഭിച്ച ജെ.ആർ.ഡി. ടാറ്റ തുടക്കമിടുകയായിരുന്നു. 1940-ൽ വാണിജ്യ സേവനം തുടങ്ങി. 99.4 ശതമനം കൃത്യത. അതായിരുന്നു മുഖമുദ്ര. 1946-ൽ എയർ ഇന്ത്യ ലിമിറ്റഡായി. 1953-ൽ ജവാഹർലാൽ നെഹ്റു സർക്കാർ എയർ ഇന്ത്യ കോർപ്പറേഷൻ നിയമം കൊണ്ടുവന്ന് കമ്പനിയെ ദേശസാത്കരിച്ചു. എയർ ഇന്ത്യയും ഉപകമ്പനിയായ എയർ ഇന്ത്യ ഇന്റർനാഷണലും സർക്കാർ ഉടമസ്ഥതയിലായി.

ആറ്റുനോറ്റു വളർത്തിയ എയർ ഇന്ത്യയെ സർക്കാർ കൊണ്ടുപോയത് ജെ. ആർ.ഡി. ടാറ്റയെ അത്യധികം വേദനിപ്പിച്ചു. 1989-വരെ അദ്ദേഹം കമ്പനി നേതൃത്വത്തിൽ വന്നും പോയുമിരുന്നു. എന്നാൽ, കാലക്രമത്തിൽ മാറിമാറിവന്ന സർക്കാർ കമ്പനിയെ കടംകയറ്റി കുട്ടിച്ചോറാക്കി. രാഷ്ട്രീയ അതിപ്രസരമായിരുന്നു കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. തിരിച്ചുകയറാനാകാത്ത വിധമായപ്പോഴാണ് സർക്കാർ സ്വകാര്യവത്കരണ നീക്കവുമായി രംഗത്തുവന്നത്. ജെ.ആർ.ഡി.യുടെ സ്വപ്നം വീണ്ടെടുക്കാൻ രത്തൻ ടാറ്റതന്നെയായിരുന്നു മുന്നിൽ.

വിമാനം പറത്താനുള്ള ഫ്ളൈയിങ് ലൈസൻസ് സ്വന്തമായുള്ള ആളാണ് രത്തൻ ടാറ്റ. വ്യോമയാന രംഗത്തോട് ജെ.ആർ.ഡി. ടാറ്റയെപ്പോലെ അദ്ദേഹത്തിനും വല്ലാത്ത അഭിനിവേശമായിരുന്നു. എയർ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അദ്ദേഹത്തിന്റെ സ്വപ്നത്തിന് ഏതാണ്ട് കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1990-കളുടെ പകുതിയിൽ പുതിയ വിമാനക്കമ്പനി തുടങ്ങാൻ ടാറ്റ ഗ്രൂപ്പിന് അനുമതി നൽകാൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന് സമ്മതമായിരുന്നു. എന്നാൽ, പ്രതിപക്ഷം എതിർത്തു.

2000-ൽ അടൽ ബിഹാരി വാജ്പേയി സർക്കാർ എയർ ഇന്ത്യ സ്വകാര്യവത്കരിക്കാൻ ശ്രമിച്ചപ്പോൾ സിങ്കപ്പൂർ എയർലൈൻസുമായി ചേർന്ന് ഏറ്റെടുക്കാൻ ശ്രമം നടത്തിയെങ്കിലും ട്രേഡ് യൂണിയനുകളും പ്രതിപക്ഷവും എതിർപ്പുമായെത്തി. ഈ എതിർപ്പുകൾക്കെല്ലാം പിറകിൽ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ ഉണ്ടായിരുന്നെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെ, ജെറ്റ് എയർവേസ് പ്രതിസന്ധിയിൽപ്പെട്ട് പ്രവർത്തനം നിർത്തി.

എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള ശ്രമം നടക്കാതായപ്പോൾ രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ മലേഷ്യയിലെ എയർ ഏഷ്യ ബെർഹാഡുമായി ചേർന്ന് എയർ ഏഷ്യ ഇന്ത്യ എയർലൈൻസ് തുടങ്ങി. സിങ്കപ്പൂർ എയർലൈനുമായി ചേർന്ന് 2017-ൽ വിസ്താരയും ആരംഭിച്ചു. എങ്കിലും എയർ ഇന്ത്യയ്ക്ക് വേണ്ടിയുള്ള വേദന മാറിയില്ല. ആ സ്വപ്നം പിന്നീട് 2022 ജനുവരിയിൽ പൂവണിഞ്ഞുആ. ഇന്ന് ഗ്രൂപ്പിനുകീഴിലുള്ള കമ്പനികൾ സംയോജിപ്പിച്ച് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തി‌ലാണ്.

Leave a Reply

Your email address will not be published. Required fields are marked *