തമിഴ് നടൻ പ്രദീപ് കെ വിജയൻ മരിച്ച നിലയിൽ; തലയിൽ പരിക്കേറ്റ നിലയിൽ മൃതദേഹം
ചെന്നൈ: തമിഴ് നടൻ പ്രദീപ് കെ വിജയൻ (45) മരിച്ച നിലയിൽ. ചെന്നൈ പലവാക്കത്തുള്ള വീട്ടിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പലവാക്കത്തുള്ള വീട്ടിൽ ഒറ്റയ്ക്കായിരുന്നു പ്രദീപ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദീപിൻ്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.
എന്നാൽ പ്രദീപ് ഫോൺ എടുക്കാതിരുന്നതോടെ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ചാണ് നീലങ്കരൈ പൊലീസ് വീടിനുള്ളിൽ പ്രവേശിച്ചത്. പ്രദീപിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തലയ്‌ക്കേറ്റ ക്ഷതവും ഹൃദയാഘാതവും മൂലം രണ്ട് ദിവസം മുമ്പ് പ്രദീപ് മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് നീലങ്കരൈ പൊലീസ് അന്വേഷിക്കുന്നുണ്ട്. 2013 ൽ പുറത്തിറങ്ങിയ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് സിനിമയിൽ അരങ്ങേറ്റം നടത്തിയത്. അശോക് സെൽവൻ നായകനായെത്തിയ തെഗിഡിയിലെ കഥാപാത്രമാണ് പ്രദീപിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.
രാഘവ ലോറൻസ് നായകനായെത്തിയ രുദ്രൻ എന്ന ചിത്രമാണ് പ്രദീപ് ഒടുവിൽ അഭിനയിച്ച് റിലീസിനെത്തിയത്. ജൂൺ 14ന് റിലീസ് ചെയ്യുന്ന വിജയ് സേതുപതിയുടെ മഹാരാജയിലും പ്രദീപ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ മരണ വാർത്തയുടെ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം.