പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ് ചെയ്തത്. ഉത്തമേഖല ഐജിയുടെതാണ് നടപടി.
കൃത്യനിര്‍വഹണത്തില്‍ തുടക്കത്തിലേ എസ്എച്ച്ഒ വീഴ്ച വരുത്തിയിരുന്നു. പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ എസ്എച്ച്ഒ ഗൗരവത്തിലെടുത്തില്ലെന്നും കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും പ്രതിക്കൊപ്പം ചേര്‍ന്ന് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും എസ്എച്ച്ഒയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഒളിവില്‍പോയതിന് പിന്നാലെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തതവരുത്താനായി വിമാനക്കമ്പനി അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
ഭാര്യയെ ക്രൂരമായി ആക്രമിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയുംചെയ്തെന്ന പരാതിയിലാണ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് രാഹുല്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചത്.
സംശയത്തിന്റെ പേരിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുമാണ് രാഹുല്‍ മര്‍ദിച്ചതെന്നാണ് യുവതി പറയുന്നത്. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തിലിട്ട് മുറുക്കിയെന്നും നിരന്തരം മര്‍ദിച്ചെന്നും യുവതി പറഞ്ഞിരുന്നു. മേയ് 12-ന് സ്വന്തം വീട്ടുകാര്‍ ഭര്‍ത്തൃവീട്ടില്‍ വിരുന്നിന് വന്നപ്പോഴാണ് യുവതിയുടെ ദേഹത്തെ പാടുകള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ഇവര്‍ കാര്യം തിരക്കിയതോടെ യുവതി പീഡനവിവരം വെളിപ്പെടുത്തുകയും ഇവര്‍ രാഹുലിനെതിരേ പന്തീരങ്കാവ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തില്‍ പ്രതിക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് പന്തീരങ്കാവ് പൊലീസ് സ്വീകരിച്ചതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും പരാതി. വിവാഹജീവിതത്തില്‍ ഇതെല്ലാം സാധാരണയാണെന്ന് പറഞ്ഞ് സംഭവം ഒത്തുതീര്‍പ്പാക്കാനായിരുന്നു പൊലീസ് ആദ്യം ശ്രമിച്ചത്. വധശ്രമം അടക്കം ചൂണ്ടിക്കാട്ടിയിട്ടും പ്രതിക്കെതിരേ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. അതിനിടെ, സംഭവം വിവാദമായതോടെ രാഹുലിനെതിരേ കഴിഞ്ഞദിവസം വധശ്രമം അടക്കമുള്ള വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. കേസിലെ അന്വേഷണച്ചുമതല ഫറോക്ക് എസിപിക്ക് കൈമാറുകയുംചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിയെ കണ്ടെത്താനായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.