മുതിർന്ന ബി.ജെ.പി നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി അന്തരിച്ചു
ന്യൂഡൽഹി : മുതിർന്ന ബി.ജെ.പി നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി(72) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിരിക്കെ ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം.
ബി.ജെ.പിയുടെ ബീഹാറിലെ ഏറ്റവും അറിയപ്പെടുന്ന മുഖമായിരുന്നു സുശീൽകുമാർ മോദി. കാൻസർ ബാധിതനായതിനാൽ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗബാധയെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.
“കഴിഞ്ഞ 6 മാസമായി ഞാൻ കാൻസറുമായി മല്ലിടുകയാണ്. ഇപ്പോൾ ജനങ്ങളോട് പറയേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഞാൻ എല്ലാം പ്രധാനമന്ത്രിയോട് പറഞ്ഞു. തന്റെ ജീവിതം എപ്പോഴും രാജ്യത്തിനും ബിഹാറിനും പാർട്ടിക്കും വേണ്ടി സമർപ്പിക്കുന്നുവെന്നും സുശീൽകുമാർ മോദി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
2005നും 2020നും ഇടയിൽ രണ്ട് ഘട്ടങ്ങളിലായി 11 വർഷത്തോളം അദ്ദേഹം നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. സുശീൽകുമാർ മോദിയുടെ നിര്യാണത്തിൽ മുതിർന്ന ബി.ജെ.പി നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, രവിശങ്കർ പ്രസാദ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.