അമിത് ഷായ്ക്ക് ആഭ്യന്തരവും രാജ്‌നാഥ് സിങ്ങിന് പ്രതിരോധവും, സുരേഷ് ഗോപിക്ക് സാംസ്‌കാരികം; വകുപ്പുകളുടെ സാധ്യതാ പട്ടിക ഇങ്ങനെ

 അമിത് ഷായ്ക്ക് ആഭ്യന്തരവും രാജ്‌നാഥ് സിങ്ങിന് പ്രതിരോധവും, സുരേഷ് ഗോപിക്ക് സാംസ്‌കാരികം; വകുപ്പുകളുടെ സാധ്യതാ പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: പുതിയ മോദി സര്‍ക്കാരില്‍ കഴിഞ്ഞ തവണ അമിത് ഷായും രാജ്‌നാഥ് സിങ്ങും കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ ഇത്തവണയും ലഭിക്കാന്‍ സാധ്യത. അമിത് ഷായ്ക്ക് ആഭ്യന്തരവും രാജ്‌നാഥ് സിങ്ങിന് പ്രതിരോധവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന വകുപ്പുകള്‍ ബിജെപി മന്ത്രിമാര്‍ തന്നെ നിലനിര്‍ത്തുമെന്നാണ് സൂചന. ഇന്ന് ഓരോ മന്ത്രിമാരുടെയും വകുപ്പുകള്‍ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തുവരും.

ധനകാര്യവകുപ്പ് കഴിഞ്ഞ തവണ കൈകാര്യം ചെയ്ത നിര്‍മല സീതാരാമന് തന്നെ ലഭിക്കാനാണ് സാധ്യത. അതേസമയം പീയുഷ് ഗോയലിനെയും ഈ വകുപ്പിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിദേശകാര്യം എസ് ജയശങ്കര്‍ നിലനിര്‍ത്തിയേക്കും.

ചലച്ചിത്ര നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് സാംസ്‌കാരിക മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചേക്കും. മറ്റൊരു മലയാളിയായ ജോര്‍ജ് കുര്യന് വിദേശകാര്യ വകുപ്പ് സഹമന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ കൈകാര്യം ചെയ്ത ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ചുമതലയില്‍ നിതിന്‍ ഗഡ്കരി തന്നെ തുടര്‍ന്നേക്കും.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, 30 ക്യാബിനറ്റ് മന്ത്രിമാർ, 5 സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല), 36 സഹമന്ത്രിമാർ എന്നിവരുൾപ്പെടെ 72 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *