”മഴ നനഞ്ഞ് വസ്ത്രം മാറാൻ കാരവനില്‍ കയറിയപ്പോൾ ഡ്രൈവർ തെറി പറഞ്ഞു”: സുരഭി ലക്ഷ്മി
സിനിമാ സെറ്റുകളിൽ താൻ അനുഭവിക്കേണ്ട വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി സുരഭി ലക്ഷ്മി. പീരീഡ്‌സ് ആണെങ്കിൽ പോലും ബാത്തറൂമിൽ പോകാൻ പറ്റില്ല. വസ്ത്രം മാറാൻ റൂമും ഉണ്ടായിരുന്നില്ല. മഴ നനഞ്ഞ് വസ്ത്രം മാറാൻ കാരവനിൽ കയറിയപ്പോൾ ഡ്രൈവറിൽ നിന്നും തെറി കേട്ടിട്ടുണ്ട് എന്നാണ് സുരഭി പറയുന്നത്. അസിസ്റ്റന്റ് ഡയറക്ടർമാരുടെ ദുരവസ്ഥയെ കുറിച്ചും സുരഭി സംസാരിക്കുന്നുണ്ട്.
ഹേമാ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നത് മുതൽ മലയാള സിനിമയിൽ ഒരുപാട് ചർച്ചകൾ വരുന്നുണ്ട്. ഞാൻ ഈ റിപ്പോർട്ടിനെ വളരെ പോസിറ്റീവ് ആയാണ് കാണുന്നത്. 2005 മുതൽ 2025 വരെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ഇരുപത് വർഷമായി സിനിമയിലുണ്ട്. അന്നൊക്കെ ജൂനിയർ ആർട്ടിസ്റ്റിന് കാരവൻ ഒന്നും ഇല്ല. തുണി മറച്ചിട്ടും അല്ലെങ്കിൽ വസ്ത്രാലങ്കാരം ചെയ്യുന്ന ചേട്ടന്മാരെ വിശ്വസിച്ചും ഇവിടെ ആരും ഇല്ല നിങ്ങൾ മാറ്റിക്കോ എന്ന് പറയുന്ന വിശ്വാസത്തിന്റെ പേരിലാണ് അന്നൊക്കെ ഞങ്ങൾ വസ്ത്രം മാറിയിരുന്നത്.
എസി ഉണ്ടെങ്കിലും അതിന്റെ റിമോട്ട് ഉണ്ടാകില്ല, അതിൽ ചിലപ്പോ 200, 300, രൂപയായിരിക്കും അവർക്ക് ലാഭം കിട്ടുക. കൃത്യമായി വണ്ടികൾ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. കാരവൻ ഒക്കെ സെറ്റിൽ വന്ന് തുടങ്ങിയപ്പോൾ അതിനുള്ളിൽ എങ്ങനെയിരിക്കും എന്ന് എത്തി നോക്കാൻ പോലും പറ്റില്ലായിരുന്നു. ഒരിക്കൽ സെറ്റിൽ മഴ ആയിട്ട് രാവിലെ മുതൽ വൈകിട്ട് വരെ മഴ നനഞ്ഞിരുന്നിട്ട്, ഡ്രസ് മാറാൻ മറ്റ് നിവർത്തിയില്ലാതെ കാരവാനിൽ കയറി ഡ്രസ് മാറിയപ്പോൾ അതിലെ ഡ്രൈവറിൽ നിന്ന് കണ്ണുപൊട്ടെ ചീത്ത കേട്ടിട്ടുണ്ട്.
ആ ഡ്രൈവർ ഇപ്പോൾ കാരവൻ ഓടിക്കുന്നുണ്ടോ എന്ന് അറിയില്ല. പീരീഡ്‌സ് ആകുന്ന സമയത്ത് നമുക്കും എല്ലാവരെയും പോലെ സൗകര്യങ്ങൾ കിട്ടും എന്ന് കരുതിയിട്ടുണ്ട്. എന്നാൽ രാവിലെ അഞ്ച് മണിക്ക് ഒക്കെ റെഡി ആയി വന്നിട്ട് വൈകിട്ട് തിരിച്ചു ചെല്ലുമ്പോ മാത്രം ബാത്ത്റൂമിൽ പോയിട്ടുണ്ട്. നമുക്ക് മാത്രമല്ല അസ്സിസ്റ്റന്റ്‌റ് ഡയറക്ടർമാർ തുടങ്ങി ഒരുപാട് ജോലി ചെയ്യുന്നവർക്കും ഇതുപോലെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്.
ഒരു അവസരം കൊടുത്തത് എന്തോ ഔദാര്യം പോലെ അവരോടു പെരുമാറുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. തിരിച്ചു പോകാൻ കാശില്ലാതെ നിങ്ങളുടെ വണ്ടിയിൽ വരട്ടെ എന്ന് ചോദിച്ചവരുണ്ട്. അവർ തിരിച്ചു പോകുമ്പോ പരാതിയൊന്നും ഇല്ല, നമുക്ക് ഇതൊരു അവസരം ആണല്ലോ എന്നാണ് പറയുക. സത്യം പറഞ്ഞാൽ അയാൾ സെറ്റിൽ ഇല്ലെങ്കിൽ ഷോട്ട് എടുക്കുമ്പോ നൂറുപേര് ഇടക്ക് കയറി വരും, ഇതൊക്കെ നോക്കുന്നത് ഒരു ചെറിയ ജോലി അല്ല എന്നാണ് സുരഭി പറയുന്നത്.