കെഎസ്ആർടിസിയിലെ സിംഗിൾ ഡ്യൂട്ടി; പഠനങ്ങളോ അവലോകനമോ നടന്നിട്ടില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം സംബന്ധിച്ച് പഠനങ്ങളോ അവലോകനമോ നടന്നിട്ടില്ലെന്ന് റിപ്പോർട്ട്. ബസുകളുടെ ഉപയോഗം ദേശീയ ശരാശരിയിലേക്ക് ഉയർത്താൻ നടപ്പാക്കിയ പദ്ധതി ഫലപ്രാപ്തിയിൽ എത്തിയോ എന്നത് സംബന്ധിച്ച് പരിശോധന നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിലെ നിർദേശപ്രകാരമായിരുന്നു കെഎസ്ആർടിസിയിൽ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയത്.
യാത്രക്കാരുടെ തിരക്ക് കുറയുന്ന സമയത്ത് ബസുകൾ കുറയ്ക്കുകയും അതിനനുസരിച്ച് ജീവനക്കാരെ ക്രമീകരിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായി നിഷ്‌കർഷിച്ചിരുന്നത്. ഒരു ഷെഡ്യൂളിന് 2.5 വീതം കണ്ടക്ടറെയും ഡ്രൈവറെയും ഉപയോഗിക്കുന്നതിന് പകരം 1.25 ജീവനക്കാരായി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. രാവിലെ മുതൽ രാത്രിവരെ ഒരേ രീതിയിൽ ബസ് ഓടിക്കുന്ന പതിവു ശൈലി മാറ്റുന്നതോടെ ബസുകളുടെ ഉപയോഗം കൂട്ടാനും കഴിയുമെന്നായിരുന്ന ശുപാർശ.
തൊഴിലാളി സംഘടനകൾ എതിർത്തെങ്കിലും തിരുവനന്തപുരം പാറശാലയിൽ പദ്ധതി നടപ്പാക്കിയിരുന്നു. മേൽനോട്ടച്ചുമതലുള്ള ഓപ്പറേഷൻ മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതോടെ ആരംഭത്തിലേ പദ്ധതി പാളി. ഇവരെ ചുമതലകളിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു. തൊഴിലാളി യൂണിയനുകളോട് വിധേയത്വമുള്ള മധ്യനിര മാനേജ്‌മെന്റ് പദ്ധതി അട്ടിമറിക്കാനുള്ള സാധ്യത അന്നേ ഉയർന്നിരുന്നു. ഇതിനിടെ മന്ത്രിയും സി.എം.ഡിയും മാറി.
പുതിയ സംവിധാനത്തിൽ ജീവനക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പഠിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. പകരം കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും അംഗീകൃത തൊഴിലാളി സംഘടനകളും തമ്മിൽ ചർച്ചചെയ്ത് മറ്റൊരു ഡ്യൂട്ടിക്രമം ഉണ്ടാക്കുകയായിരുന്നു. ഇത് ഫലപ്രദമാണോ എന്നുപോലും കെ.എസ്.ആർ.ടി.സി പരിശോധിക്കുന്നില്ലെന്നാണ് രേഖകളിൽനിന്ന് വ്യക്തമാകുന്നത്.