എക്സിറ്റ് പോളിന്റെ മറവിൽ നടന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി കുംഭകോണം; അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് തിരഞ്ഞെടുപ്പ് ഫലം വന്ന ജൂലൈ 4 ന് നടന്നതെന്ന് രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി സംയുക്ത സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാര്‍ കനത്ത തിരിച്ചടി നേരിട്ട ഫലമായിരുന്നു ജൂണ്‍ നാലിന് പുറത്തുവന്നത്. അന്നേ ദിവസം നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. വന്‍ അഴിമതിയാണ് ഓഹരി വിപണിയില്‍ ബിജെപി നടത്തിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പുതിയ സർക്കാരിനോടുള്ള തന്‍റെ സമീപനം എന്താണെന്ന് വ്യക്തമാക്കുന്നതാണ് രാഹുലിന്‍റെ വാർത്താസമ്മേളനം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഓഹരി വിപണി ഇടിവിനെക്കുറിച്ച് നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്കും അറിവുണ്ടായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
ഫലം പുറത്തുവരുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ നരേന്ദ്രമോദി, അമിത് ഷാ, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവര്‍ ഓഹരി വിപണിയെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. അത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.
ഓഹരിവിപണി കുതിച്ചുയരുമെന്ന് പ്രധാനമന്ത്രി രണ്ടോ മൂന്നോ തവണ രാജ്യത്തോട് പറഞ്ഞു. ജൂണ്‍ നാലിന് ഓഹരി വിപണി കുത്തനെ ഉയരുമെന്ന് അമിത്ഷായും പറഞ്ഞു. ഇതേകാര്യം നിര്‍മ്മല സീതാരാമനും പറഞ്ഞിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബിജെപിക്ക് ധാരണയുണ്ടായിരുന്നു. അങ്ങനെയിരിക്കെ എക്‌സിറ്റ് പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നിക്ഷേപം നടത്താന്‍ നിക്ഷേപകരോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് രാഹുല്‍ ആരോപിച്ചു.
സര്‍ക്കാരിന് 200-220 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു ഇന്റല്‍ ഏജന്‍സീകള്‍ പറഞ്ഞത്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ക്ക് ശേഷം ഓഹരി വിപണി കുതിച്ചുയര്‍ന്നു. വിദേശ നിക്ഷേപകരും എക്‌സിറ്റ് പോള്‍ ഏജന്‍സികളും തമ്മിലെ ബന്ധം അന്വേഷിക്കണം. ഇത് അദാനിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. എക്‌സിറ്റ് പോളിന് തലേദിവസത്തെ സംശയാസ്പദമായ വിദേശ നിക്ഷേപങ്ങള്‍ പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ഓഹരി വിപണിയില്‍ വലിയ നിക്ഷേപം നടത്താന്‍ അഞ്ച് കോടി കുടുംബങ്ങളോട് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ആവശ്യപ്പെടുകയാണ്. നിക്ഷേപ നിര്‍ദേശങ്ങള്‍ കൊടുക്കലാണോ അവരുടെ ജോലിയെന്ന് രാഹുല്‍ പരിഹസിച്ചു. ഒരേ ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് എന്തുകൊണ്ട് അഭിമുഖം അനുവദിച്ചുവെന്നത് പരിശോധിക്കണം. മൂന്നാമതായി ബിജെപിയും വ്യാജ എക്‌സിറ്റ് പോള്‍ നിര്‍മ്മാതാക്കളും വിദേശ നിക്ഷേപകരും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.