‘പിപിഇ കിറ്റ് നൽകിയിയില്ലെന്ന് സന്നദ്ധ പ്രവർത്തകർ; മൃതദേഹങ്ങൾ ഇന്ന് എയർ ലെഫ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് ജില്ലാ ഭരണകൂടം
കൽപ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്നും ഇന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്യാനായില്ല. മൃതദേഹങ്ങൾ കൊണ്ടുവരാൻ പിപിഇ കിറ്റ് പോലുള്ള സുരക്ഷ സംവിധാനങ്ങൾ നൽകാത്തതിനാൽ മൃതദേഹം കൊണ്ടുവരാനായില്ലെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു. തെരച്ചിലിന് ഇറങ്ങിയ 8 എട്ടുപേരെയും അവിടെ നിന്ന് എയർ ലിഫ്റ്റ് ചെയ്തിരുന്നു.
പിപിഇ കിറ്റ് നൽകിയില്ല. കവറുകളും ഗ്ലൗസും മാത്രമാണ് നൽകിയത്. അതുപയോഗിച്ച് മൃതദേഹങ്ങൾ കൊണ്ടുവരാൻ ആകില്ലെന്ന് തങ്ങൾ അറിയിച്ചതായും സന്നദ്ധ പ്രവർത്തകർ അറിയിച്ചു. 4 മൃതദേഹങ്ങളും ഇപ്പോഴും സൂചിപ്പാറയ്ക്ക് താഴെയുള്ള സ്ഥലത്ത് തന്നെയാണുള്ളത്. ഇവഅഴുകിയ നിലയിലാണെന്നും സന്നദ്ധ പ്രവർത്തകർ അറിയിച്ചു.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ജില്ലാഭരണകൂടം രംഗത്തെത്തി. സമയം വൈകിയതിനാൽ മൃതദേഹങ്ങൾ ഇന്ന് എയർ ലെഫ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് ജില്ലാ ഭരണകൂടം പ്രതികരിച്ചു. നാളെ എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്നും കളക്ടറുടെ ഓഫീസ് അറിയിക്കുന്നു. രാവിലെ 9.50 ഓടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം സന്നദ്ധ പ്രവർത്തകർ അധികൃതരെ അറിയിച്ചത്.