സോണിയാ ഗാന്ധി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണായി സോണിയ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുത്തു. ശനിയാഴ്ച ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സോണിയയുടെ പേര് നിർദേശിച്ചത്.
നേതാക്കളായ കെ. സുധാകരൻ, സൗരവ് ഗോഗോയ്, താരിഖ് അൻവർ എന്നിവർ പിന്തുണച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി വരണമെന്ന് പാർലമെന്‍ററി പാർട്ടി യോഗം പ്രമേയം പാസ്സാക്കി. പ്രതിപക്ഷ നേതാവിനെയടക്കം സോണിയയാകും തെരഞ്ഞെടുക്കുക. പ്രതിപക്ഷനേതാവ് ആരെന്ന് കാത്തിരുന്നു കാണൂ എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.
രാവിലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയിരുന്നു. പാർലമെന്‍റിൽ കോൺഗ്രസിന്‍റെ അംഗസംഖ്യ ഗണ്യമായി വർധിച്ചെന്നും ഇൻഡ്യ സഖ്യം തങ്ങൾക്ക് കരുത്തേകുമെന്നും സോണിയ പറഞ്ഞു. സോണിയ സി.പി.പിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് നല്ല തീരുമാനമാണെന്നും അവർ ഞങ്ങളെ നയിക്കുമെന്നും ഖാർഗെ പ്രതികരിച്ചു.
സോണിയ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അവർ മത്സരിച്ച റായ്ബറേലി സീറ്റിൽ ഇത്തരണ രാഹുലാണ് ജനവിധി തേടിയത്. 3.90 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ ജയിച്ചുകയറിയത്. വയനാട് മണ്ഡലത്തിലും മൂന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുൽ ജയിച്ചിരുന്നു. വയനാട് മണ്ഡലം ഒഴിയാനാണ് തീരുമാനം.