താജ്മഹലിന്റെ ഡ്യൂപ്പോ ? പ്രണയ സൗധത്തോട് മത്സരിക്കാനിതാ മറ്റൊരു മാർബിൾ നിർമിതി

 താജ്മഹലിന്റെ ഡ്യൂപ്പോ ? പ്രണയ സൗധത്തോട് മത്സരിക്കാനിതാ മറ്റൊരു മാർബിൾ നിർമിതി

ഷാജഹാന്‍ പ്രിയപത്‌നിയായ മുംതാസിന്റെ ഓര്‍മയ്ക്കായി പണിത പ്രണയ സൗധമാണ് താജ്മഹൽ. ഉത്തര്‍പ്രദേശിലെ ആഗ്രയിൽ, യമുനാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര നിർമ്മിതി കാണാൻ ദിനവും നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. താജ്മഹൽ പോലെ തന്നെ മറ്റൊരു വിസ്മയമാണ് ധനി സ്വാമിജി മഹാരാജിന്റെ ശവകുടീരം.

ഇൻഡോ -ഇസ്‌ലാമിക് വാസ്തുവിദ്യാ ശൈലിയുടെ മകുടോദാഹരണമായ താജ്മഹൽ ‘സമാനതകളില്ലാത്ത നിർമിതി’ എന്ന നിലയിലാണ് ലോകമഹാത്ഭുതങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. നൂറ്റാണ്ടുകളുടെ ചരിത്രംപേറി ഇന്ത്യയുടെ അഭിമാനമുയർത്തി നിൽക്കുന്ന താജ്മഹലുമായി മത്സരിക്കാൻ മറ്റൊരു മാർബിൾ നിർമിതി ആഗ്രഹയിൽ തന്നെ തുറന്നിരിക്കുകയാണ്. രാധാസോമി പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ ധനി സ്വാമിജി മഹാരാജിന്റെ ശവകുടീരമാണ് ഈ നിർമിതി.

താജ്മഹലിനോളം പഴക്കമില്ലെങ്കിലും 104 വർഷങ്ങൾ എടുത്താണ് ശവകുടീരത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത്. താജ്മഹലിൽ നിന്നും 12 കിലോമീറ്റർ മാത്രം അകലെ സോമി ഭാഗിലാണ് നിർമിതി സ്ഥിതിചെയ്യുന്നത്. പൂർണ്ണമായും വെളുത്ത മാർബിളിലാണ് ശവകുടീരത്തിലെ നിർമാണം. താജ്മഹൽ പോലെ വലിയ കുംഭഗോപുരവും മുകളിൽ കാണാം. അതിമനോഹരമായ നിർമാണ ശൈലി കണ്ട് ശവകുടീരം താജ്മഹലിന് ഒത്ത എതിരാളി തന്നെയാണെന്ന് വിലയിരുത്തപ്പെട്ടു കഴിഞ്ഞു.

മുഗൾ കാലഘട്ടത്തിലെ സ്മാരകങ്ങളാൽ സമ്പന്നമായ ആഗ്രയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും ഈ നിർമിതിയെന്നും കരുതപ്പെടുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ധാരാളം ആളുകൾ ഈ നിർമാണ വിസ്മയം കണ്ടാസ്വദിക്കാൻ ഇവിടേയ്ക്ക് എത്തുന്നുണ്ട്. രാധാസോമി വിശ്വാസികളുടെ അഭിപ്രായ പ്രകാരം പ്രസ്ഥാനത്തിന്റെ സ്രഷ്ടാക്കൾ കാത്തുസൂക്ഷിച്ച അചഞ്ചലമായ മതവിശ്വാസത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും തെളിവ് എന്ന നിലയിലാണ് ശവകുടീരം നിർമിക്കപ്പെട്ടിരിക്കുന്നത്.

193 അടിയാണ് നിർമിതിയുടെ ആകെ ഉയരം. രാജസ്ഥാനിലെ മക്റാനയിൽ നിന്ന് എത്തിച്ച പൂർണമായും വെളുത്ത നിറത്തിലുള്ള മാർബിളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരുനൂറ്റാണ്ടിലേറെ സമയമെടുത്ത് നിർമിച്ച കെട്ടിടങ്ങൾ ഒരുപക്ഷേ ഇന്ത്യയിൽ തന്നെ അപൂർവമാണ്. പതിറ്റാണ്ടുകളോളം കൈകൾ ഉപയോഗിച്ച് മാത്രമാണ് ഈ ഭീമാകാരമായ കെട്ടിടത്തിന്റെ നിർമാണം നടന്നിരുന്നത്. അവസാന കാലഘട്ടത്തിൽ നിർമാണത്തിനായി വലിയ യന്ത്രങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

രാധാ സോമി വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ശവകുടീരം ഉള്ളത്. ധനി സ്വാമിജി മഹാരാജിന്റെ ശവകുടീരം എന്ന നിലയിലാണ് നിർമിക്കപ്പെട്ടത് എങ്കിലും അദ്ദേഹത്തിന്റെ യഥാർത്ഥ സമാധി മണൽക്കല്ലിൽ നിർമിക്കപ്പെട്ട ലളിതമായ ഒന്നാണ്. പുതിയ ശവകുടീരത്തിന്റെ നിർമാണം അലഹബാദിൽ നിന്നുള്ള ഒരു ആർക്കിടെക്ട് 1904ൽ തുടങ്ങിവച്ചു. പിന്നീട് ഏതാനും വർഷം നിർമാണം തടസ്സപ്പെട്ടിരുന്നു. 1922 മുതൽ ഇങ്ങോട്ട് അനേകം ആളുകൾ നിർമിതിയുടെ പൂർത്തീകരണത്തിനായി നിരന്തരം ജോലി ചെയ്തു വരികയായിരുന്നു. ഇവരിൽ ഭൂരിഭാഗം ആളുകളും ഒരായുഷ്കാലം മുഴുവൻ ഈ നിർമാണ സൈറ്റിൽ മാത്രം ചിലവിട്ടവരാണ്.

ഒരേ കുടുംബത്തിലെ മൂന്നോ നാലോ തലമുറകളിൽ പെട്ടവർ അർപ്പണ മനോഭാവത്തോടെ കാലാകാലം നിർമാണത്തിൽ ഏർപ്പെട്ടിരുന്നു എന്നതും പ്രത്യേകതയാണ്. കൃത്യമായ അളവിലും ഗുണനിലവാരത്തിലും ഉള്ള മാർബിൾ ലഭ്യമല്ലാത്തതും നിർമാണം വൈകാൻ കാരണമായി. താജ്മഹലിന്റെ എതിരാളി എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അത്തരത്തിൽ മത്സരമെന്ന ലക്ഷ്യം ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന് നിർമാതാക്കൾ പറയുന്നു. ലോകമെമ്പാടുമുള്ള സഞ്ചാരികൾ താജ്മഹൽ കാണാനായി എത്തുന്നുണ്ടെങ്കിൽ, ആത്മീയതയിൽ താൽപര്യമുള്ളവരാണ് പ്രധാനമായും സോമി ബാഗിലെ ശവകുടീരം തേടിയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *