പത്തനംതിട്ടയിൽ വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി
പത്തനംതിട്ട: പത്തനംതിട്ട കുത്തുപ്പാറയില്‍ വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്നലെ രാത്രിയാണ് ജനവാസമേഖലയിലെത്തിയ പാമ്പ് വളര്‍ത്തുനായയെ വിഴുങ്ങിയത്. പാമ്പിന് പത്തടിയോളം നീളവും പതിനഞ്ച് കിലോയിലേറേ തൂക്കവും ഉണ്ട്.
കിഷോര്‍ എന്നായാള്‍ വളര്‍ത്തുന്ന നായയെയാണ് പാമ്പു വിഴുങ്ങിയത്. രാത്രി നായയുടെ അസാധാരണ ശബ്ദം കേട്ടാണ് ഗൃഹനാഥന്‍ നോക്കിയത്. ആ സമയത്ത് നായയെ പെരുമ്പാമ്പ് പാതി വിഴുങ്ങിയതായാണ് കണ്ടത്. ഉടന്‍ തന്നെ കിഷോര്‍ അയല്‍വാസികളെ വിവരം അറിയിച്ചു. അവര്‍ പെരുമ്പാമ്പിന്റെ വായില്‍ നിന്ന് നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നാട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പിന്റെ വായില്‍ നിന്ന് നായയെ പുറത്തെടുത്തത്. അപ്പോഴെക്കും നായ ചത്തിരുന്നു.