പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ തുടർന്നുണ്ടായ തർക്കം ക്രൂര മർദനത്തിൽ കലാശിച്ചു
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ മോഡൽ ടൗണിൽ വെള്ളിയാഴ്ച നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന് ക്രൂര മർദനമേറ്റു. മർദനമേറ്റത് രാംഫാൽ എന്ന വ്യക്തിക്കാണ്. പ്രതി ആര്യനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
വ്യാഴാഴ്ച പാർക്കിന് സമീപം പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് രാംഫാൽ ആര്യനെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുടലെടുത്തു. പിന്നീട് വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പ്രദേശത്തെത്തിയ ആര്യൻ വടിയുപയോഗിച്ച് രാംഫാലിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഇരുചക്രവാഹനത്തിൽ നിന്ന് ഇറങ്ങിയ പ്രതി നടപ്പാതയിൽ ഉറങ്ങിക്കിടക്കുന്ന ആളുടെ അടുത്തേക്ക് വരുന്നതും ഷീറ്റ് മാറ്റി ആരെന്ന് ഉറപ്പുവരുത്തി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിൻവാങ്ങിയതിനുശേഷം മടങ്ങി വന്ന് വീണ്ടും യുവാവിനെ മർദിച്ചു. രണ്ട് പേർ ബൈക്കിൽ കാത്തുനിൽക്കുന്നതും പ്രതി ഇതിൽ കയറിപോകുന്നതും ദൃശ്യത്തിലുണ്ട്.
സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സമീപത്ത് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുന്നയാളാണെന്ന് മനസിലാകുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.