സ്വന്തം ശരീരത്തിൽ ആത്മവിശ്വാസമില്ല; എന്താണ് കരൺ ജോഹറിനെ കീഴടക്കിയ ബോഡി ഡിസ്‌മോര്‍ഫിയ ?
കരൺ ജോഹറിനെ അറിയാത്തവർ ആയി ആരും ഉണ്ടാകില്ല. ബോളിവുഡ് സിനിമാ മേഖലയുടെ നെടും തൂണായാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. വർഷങ്ങളായി കരിയറിൽ തുടരുന്ന കരൺ ജോഹറിന്റെ ജീവിതം എന്നും ബോളിവുഡിന്റെ നിറപ്പകിട്ടിലായിരുന്നു. നിരവധി സൂപ്പർ താരങ്ങളുമായി കരൺ വളരെ നല്ല ബന്ധം സൂക്ഷിക്കുന്നുമുണ്ട്. ഷാരൂഖ് ഖാൻ, കജോൾ, കരീന കപൂർ തുടങ്ങിയവർക്ക് ഐക്കോണിക് ക്യാരക്ടറുകൾ കരൺ ജോഹറിന്റെ സിനിമകളിലൂടെ ലഭിച്ചു. അടുത്തിടെ ആണ് കരണ്‍ ജോഹര്‍ തനിക്ക് ബോഡി ഡിസ്‌മോര്‍ഫിയ ഉണ്ടെന്ന് വെളിപ്പെടുത്തിയത്.
ഒരു സ്വിമ്മിങ് പൂളില്‍ ഇറങ്ങാന്‍ പോലും തനിക്ക് വൈഷമ്യമുണ്ടാകാറുണ്ടെന്നും ഈ പ്രശ്‌നത്തെ മറികടക്കാന്‍ കഠിനപ്രയത്‌നം ചെയ്‌തിട്ടുണ്ടെന്നും കരണ്‍ പറഞ്ഞു. എത്ര ഭാരം കുറച്ചാലും തനിക്ക് വണ്ണമുള്ളതായി തോന്നുമെന്നും എപ്പോഴും ഓവര്‍സൈസ് വസ്‌ത്രങ്ങളിലാണ് താന്‍ നടക്കുകയെന്നും കരണ്‍ വെളിപ്പെടുത്തി. ആരും തന്റെ ശരീരം കാണാന്‍ താനിഷ്ടപ്പെടുന്നില്ലെന്നും കരണ്‍ കൂട്ടിച്ചേര്‍ത്തു.
എന്താണ് ബോഡി ഡിസ്മോർഫിയ?
സ്വന്തം ശരീരത്തിൽ ആത്മവിശ്വാസമില്ലാതിരിക്കുകയും പുറംകാഴ്ച്ചയിലെ കുറവുകളെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന മാനസികാവസ്ഥയാണിത്. പലപ്പോഴും വ്യക്തിക്ക് തോന്നുന്ന ഈ കുറവുകൾ കാഴ്ച്ചക്കാരന് തോന്നണമെന്നില്ല. ഏതു പ്രായക്കാരിലും ഈ അവസ്ഥയുണ്ടാകും. എങ്കിലും കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതൽ കാണപ്പെടാറുള്ളത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണിത്. തിരിച്ചറിയപ്പെടാതെ പോയാൽ ദൈനംദിന ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബന്ധങ്ങളെയും ജോലിയെയുമൊക്കെ വിപരീതമായി ബാധിക്കാവുന്ന അവസ്ഥയാണിത്. ലക്ഷണങ്ങൾ ജീവിതത്തെ ബാധിക്കും വിധം അസ്വസ്ഥമാവുകയാണെങ്കിൽ വിദഗ്ധസഹായം തേടേണ്ടതും അനിവാര്യമാണ്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ആന്റി ഡിപ്രസന്റുകൾ തുടങ്ങിയവയാണ് ചികിത്സയായി നൽകാറുള്ളത്.
ലക്ഷണങ്ങൾ
- ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്തെക്കുറിച്ച് വളരെയധികം ആശങ്കപ്പെടൽ(പ്രത്യേകിച്ച് മുഖത്തെക്കുറിച്ച്).
- മറ്റുള്ളവരുമായി സ്വന്തം ശരീരത്തെ താരതമ്യപ്പെടുത്തൽ.
- കണ്ണാടിക്കു മുമ്പിൽ ഏറെനേരം ചെലവഴിക്കുകയോ കണ്ണാടിക്കു മുന്നിൽ തീരെ പ്രത്യക്ഷപ്പെടാതിരിക്കുകയോ ചെയ്യുക.
- വസ്ത്രം ധരിക്കുന്നതിനും മേക്കപ് ഇടുന്നതിനും മുടി ചീകുന്നതിനുമൊക്കെയായി ഏറെസേമയം ചെലവഴിക്കുക.
കാരണങ്ങൾ
ബോഡി ഡിസ്മോർഫിയയുടെ യഥാർഥ കാരണങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ചില അവസ്ഥകൾ അതിലേക്ക് നയിക്കാനിടയുണ്ട്.
- ജനിതകപരമായ കാരണങ്ങളാണ് അവയിലാദ്യം. കുടുംബത്തിൽ ആർക്കെങ്കിലും ബോഡി ഡിസ്മോർഫിയ ഉണ്ടെങ്കിലോ ഒബ്സസീവ് കംപൽസീവ് ഡിസോർഡറോ വിഷാദരോഗമോ ഉണ്ടെങ്കിലോ സാധ്യത കൂടുതലാണ്.
- മസ്തിഷ്കത്തിലെ കെമിക്കൽ അസന്തുലിതാവസ്ഥ.
- കുട്ടിക്കാലത്ത് ഉണ്ടാകുന്ന മാനസികാഘാതങ്ങൾ. ബാല്യകാലത്തിൽ ശരീരത്തെക്കുറിച്ച് ക്രൂരമായി കളിയാക്കപ്പെടുകയും മറ്റും ചെയ്തിട്ടുണ്ടെങ്കിലും സാധ്യതയുണ്ട്.
- ബോഡി ഡിസ്മോർഫിയ ബാധിതരായ ചില വ്യക്തികളിൽ ഒ.സി.ഡി., ആങ്സൈറ്റി ഡിസോർഡർ, ഈറ്റിങ് ഡിസോർഡർ തുടങ്ങിയവയും കാണാറുണ്ട്.