‘ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ് ഞാൻ’; ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ സിനിമയിലെ സീനായി കാണാൻ ശ്രമിക്കാറുണ്ടെന്ന് ഷൈൻ ടോം ചാക്കോ
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. സഹ താരത്തിൽ നിന്ന് നായക സ്ഥാനത്തേക്ക് ആയിരുന്നു താരത്തിന്റെ വളർച്ച. ഏത് വേഷം ആണെങ്കിലും വളരെ ഭംഗിയോട് കൂടി കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. പലപ്പോഴും പെരുമാറ്റത്തിന്റെ പേരിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. ഇന്റർവ്യൂസിലൊക്കെ വന്നാൽ തോന്നുന്ന പോലെ സംസാരിക്കുന്ന രീതിയാണ് ഷൈനിന് എന്നാണ് പലരും പറയുന്നത്.
പരിധി വിട്ട സംസാര രീതി, ദേഷ്യപ്പെടൽ, അഭിമുഖം തടസപ്പെടുത്തുന്ന രീതിയിൽ ഇടപെടൽ തുടങ്ങിയവ ഷൈനിന്റെ അഭിമുഖങ്ങളിൽ പതിവാണ്. അതേസമയം ഷൈൻ ടോം ചാക്കോ പ്രൊമോഷന് എത്തുന്നത് സിനിമകൾക്ക് ജനശ്രദ്ധ ലഭിക്കാൻ ഉപകരിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വിമർശനം കടുത്തിട്ടും ഷൈൻ തന്റെ രീതികൾ മാറ്റാൻ തയ്യാറല്ല.
അഭിമുഖത്തിനിടെ സ്വന്തം ഫോൺ ഷൈൻ വലിച്ചെറിഞ്ഞതായിരുന്നു. എന്നാൽ അങ്ങനൊരു പ്രവൃത്തി ചെയ്യേണ്ടിയിരുന്നില്ലെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ലെന്ന് പറയുകയാണ് നടൻ. റിലീസിനൊരുങ്ങുന്ന പുതിയ സിനിമ താനാരായുടെ പ്രമോഷന്റെ ഭാഗമായി ഒരു മീഡിയയോട് സംസാരിക്കുകയായിരുന്നു ഷൈൻ.
വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോൾ ഉണ്ടായതിനേക്കാൾ വേദനയാണ് ആളുകൾക്ക് താൻ ഫോൺ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളതെന്നാണ് ഷൈൻ പറഞ്ഞത്. കോൾ എടുത്തിട്ട് നുണ പറയാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് കോളുകൾ വരുമ്പോൾ പലപ്പോഴും അറ്റന്റ് ചെയ്യാത്തത്. വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോൾ ഉണ്ടായതിനേക്കാൾ വേദനയാണ് ആളുകൾക്ക് ഞാൻ ഫോൺ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളത്.
ഇവിടെ കുട്ടികളെയും ആളുകളെയും വലിച്ചെറിയുന്നു വെട്ടി കൊല്ലുന്നു അതിലൊന്നും ആർക്കും പ്രശ്നമില്ല. എന്റെ ഫോൺ ഞാൻ വലിച്ചെറിഞ്ഞതിനാണ് പലർക്കും പ്രശ്നം. കയ്യിൽ നിന്നും ഫോൺ വീഴുമ്പോൾ ആളുകളുടെ നെഞ്ച് തകരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ സമയത്ത് ഞാനാണ് വീണിരുന്നതെങ്കിൽ ഈ തകർച്ചയൊന്നും ഉണ്ടാവില്ല. നമ്മൾ ചിരിക്കും. ആളുകൾക്ക് ഫോണിനോടാണ് അറ്റാച്ച്മെന്റ് കൂടുതൽ.
അത് കാണിക്കാനാണ് ഞാൻ അത് വലിച്ചെറിഞ്ഞത്. ആളുകൾ വീഴുമ്പോഴാണ് നമ്മുടെ മനസ് വേദനിക്കേണ്ടതും അവരെ സഹായിക്കേണ്ടതും. നമ്മൾ ഇപ്പോൾ മെറ്റീരിയലിസ്റ്റിക്കായ ലോകത്താണ് ജീവിക്കുന്നതെന്ന് ഷൈൻ പറയുന്നു. ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും ഓരേ ഭാവവും അഭിനയശൈലിയുമാണെന്ന വിമർശനത്തെ കുറച്ച് ചോദിച്ചപ്പോൾ ഷൈനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു… ലൈഫ് തന്നെ ആവർത്തനമല്ലേ.
നമ്മൾ മൂന്നാല് വർഷം എടുത്ത് ഒരു കഥാപാത്രം മാത്രം ചെയ്യുകയല്ലല്ലോ. രാവിലെ ഒരു പടത്തിൽ അഭിനയിക്കും രാത്രി മറ്റൊന്നിൽ അഭിനയിക്കും അങ്ങനെയല്ലേ… അതുകൊണ്ടാകാം എന്റെ അഭിനയശൈലിയിൽ ആവർത്തനം വരുന്നതായി ഫീൽ ചെയ്യുന്നത്. ഓരോന്ന് ചെയ്യുമ്പോഴാണ് കാര്യങ്ങൾ മനസിലാവുന്നത്. അതുപോലെ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് സിനിമയിൽ അവസരം നഷ്ടപ്പെടുമോയെന്ന് ഓർത്താണ് ഞാൻ ഏറെയും ആശങ്കപ്പെട്ടിരുന്നത്.
സിനിമയിൽ നല്ല കഥാപാത്രങ്ങൾ മാത്രമല്ല മോശം കഥാപാത്രങ്ങളും ഉണ്ടല്ലോ. അവ ചെയ്യാൻ അവസരം കിട്ടുമായിരിക്കുമെന്ന തോന്നലാണ് എന്നെ അപ്പോഴെല്ലാം ആശ്വസിപ്പിച്ചിരുന്നത്. അത്തരം റോളുകൾ ഞാൻ ചെയ്യുമ്പോൾ ആളുകൾ കൺവിൻസ്ഡാവുകയും ചെയ്യും. പിന്നെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ സിനിമയിലെ സീനായി കാണാൻ ശ്രമിക്കാറുണ്ട് ഞാൻ. അതുകൊണ്ട് തന്നെ ജയിലിൽ പോയതടക്കം എനിക്ക് ഭാവിയിലേക്കുള്ള സമ്പത്താകുമെന്നും ഷൈൻ പറയുന്നു.
വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യത്തിന് ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ് താനെന്നാണ് തമാശ കലർത്തി ഷൈൻ പറഞ്ഞത്. ഞാൻ ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള പരിപാടിയിലാണ്. ഒരു കൊച്ചുകൂടിയുണ്ടെങ്കിൽ രസമല്ലേ.
അല്ലെങ്കിൽ പപ്പയുടെയും മമ്മിയുടെയും കല്യാണത്തിന് ഞങ്ങളെ വിളിച്ചില്ലല്ലോയെന്ന് കുട്ടികൾ പറയില്ലേ. ആ പരാതി തീർക്കാമല്ലോ. അതുകൊണ്ട് ആദ്യം കൊച്ചുണ്ടാവട്ടെ എന്നായിരുന്നു ഷൈനിന്റെ മറുപടി. ഒന്നര മാസം മുമ്പാണ് ഷൈനും മോഡലായ തനൂജയും വേർപിരിഞ്ഞത്. ഈ വർഷം ആദ്യം ഇവരുടെ വിവാഹനിശ്ചയം അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നടന്നിരുന്നു. ഇരുവരും ഈ വർഷം വിവാഹിതരാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കവെയാണ് ഷൈൻ പ്രണയം തകർന്ന വിവരം വെളിപ്പെടുത്തിയത്.