കാമുകനൊപ്പം ജീവിക്കാൻ 16കാരിയായ മകളെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിലെറിഞ്ഞു. മാതാവിനും കാമുകനും ജീവപര്യന്തം
തിരുവനന്തപുരം: നെടുമങ്ങാട് കൗമാരക്കാരിയായ മകളെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിനൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷംകൂടെ പ്രതികൾ അധിക തടവ് അനുവഭവിക്കണമെന്നാണ് ശിക്ഷാവിധി.
കാമുകനൊപ്പം ജീവിക്കാൻ വേണ്ടി 16 കാരിയായ മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. 2019 ജൂണിൽ നെടുമങ്ങാടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മീരയുടെ അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു. പിന്നീട് തന്റെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മറ്റൊരു വീട്ടിൽ വാടകയ്ക്കാണ് മഞ്ജു കഴിഞ്ഞിരുന്നത്. ഇവിടെവെച്ച് അനീഷിനൊപ്പം മഞ്ജുവിനെ മീര കണ്ടു.
ഇവരുടെ ബന്ധം എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനീഷിന്റെ സഹായത്തോടെ മഞ്ജു മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് നാലു കിലോമീറ്റർ അകലെയുള്ള പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇവരെ നാഗർകോവിലിൽ വച്ചാണ് പിടിയിലാവുന്നത്.