ഷാരൂഖ് ഖാൻ ആശുപത്രിയിൽ
അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷാരൂഖിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും ആദ്യ പ്ലേഓഫ് മത്സരം കാണാനായി താരം അഹമ്മദാബാദില്‍ എത്തിയിരുന്നു.
മത്സരത്തിനിടെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഷാരൂഖ് അസുഖ ബാധിതനായെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയിട്ടാണ് ഷാരൂഖ് ഗുജറാത്തിലെത്തിയത്.
ബുധനാഴ്ച്ച ഉച്ചയോടെയാണ് ഷാരൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഷാരൂഖിന് കടുത്ത ഉഷ്ണ തരംഗത്തെ തുടര്‍ന്ന് നിര്‍ജലീകരണം സംഭവിച്ചുവെന്നും ഇതോടെ ക്ഷീണിതനായ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഷാരൂഖ് ഖാനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പുറത്തുവന്നിട്ടില്ല. താരത്തിന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.നിരവധി ആരാധകരാണ് ഷാരൂഖിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ചത്. ഇന്നലെ 44 ഡിഗ്രിയിൽ അധികമായിരുന്നു അഹമ്മദാബാദിലെ താപനില . മക്കളായ സുഹാനയും അബ്രാമും ഷാറൂഖിന് ഒപ്പമുണ്ട്.