ശതകോടീശ്വരരുടെ പട്ടികയിലേക്ക് ഗായിക സെലീന ഗോമസ്
അമേരിക്കന്‍ ഗായിക സെലീന ഗോമസ് തൻ്റെ 32 ആം വയസ്സിൽ നേടിയിരിക്കുന്നത് ചെറിയ നേട്ടമൊന്നുമല്ല. ആഗോളതലത്തിലെ ശതകോടീശ്വരരുടെ പട്ടികയിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഈ നേട്ടം താരത്തിന് നേടിക്കൊടുത്തത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബില്യണയര്‍ എന്ന പദവി കൂടിയാണ്.
തന്റെ ബ്യൂട്ടി ബ്രാന്‍ഡായ റെയര്‍ ബ്യൂട്ടിയടക്കമുള്ള സ്ഥാപനങ്ങളാണ് സെലീന ഗോമസിനെ ശതകോടീശ്വര പട്ടികയിലെത്തിച്ചത്.2019-ലാണ് റെയര്‍ ബ്യൂട്ടി എന്ന സ്ഥാപനം ആരംഭിക്കുന്നത്. 1.3 ബില്യണ്‍ ഡോളറാണ് സെലീനയുടെ ആസ്തി. ഇതില്‍ സിംഹഭാഗവും സംഭാവന ചെയ്തിരിക്കുന്നത് ഈ സ്ഥാപനമാണ്. ഏകദേശം 81.4 ശതമാനം. മാനസികാരോഗ്യസ്ഥാപനമായ വണ്ടമൈന്റ്, മ്യൂസിക് ആല്‍ബങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റമെന്റുകള്‍, ബ്രാന്‍ഡ് പാര്‍ട്‌നര്‍ഷിപ്പുകള്‍, ഗാനമേളകള്‍, അഭിനയം തുടങ്ങിയ രംഗങ്ങളില്‍ നിന്നുള്ള ആദായവും ഇതിനൊപ്പമുണ്ട്.
കുട്ടികളുടെ ടെലിവിഷൻ പരമ്പരയായ ‘ബർണി ആൻഡ് ഫ്രണ്ട്‌സി’ൽ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്നു.ജനപ്രിയ പരമ്പരയായ ‘ഒണ്‍ലി മര്‍ഡേഴ്സ് ഇന്‍ ദ ബില്‍ഡിങ്ങി’ല്‍ താരമായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രശംസ നേടുകയാണ് സെലീനയിപ്പോള്‍. സെലീനക്ക് കോമഡി സീരീസിലെ മികച്ച നായികയ്ക്കുള്ള ആദ്യ എമ്മി അവാര്‍ഡ് നോമിനേഷന്‍ ഈ ഷോ നേടിക്കൊടുത്തു.