കടൽവെള്ളത്തിലുള്ളത് രണ്ടു കോടി ടൺ സ്വർണം; ഖനനം ചെയ്യാനുള്ളത് അതിലുമേറെ; കടലിൽ മറഞ്ഞതും കോടികളുടെ നിധിശേഖരം; സമുദ്രത്തിലെ നിധി സ്വന്തമാക്കാൻ ആർക്കു കഴിയും?
കടൽ ജലത്തിൽ സ്വർണം അടങ്ങിയിട്ടുണ്ട് എന്ന് നിങ്ങൾക്കറിയാമോ? സംഗതി സത്യമാണ്. സമുദ്രജലത്തിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ട് എന്ന് 1872ൽ ബ്രിട്ടിഷ് രസതന്ത്രജ്ഞനായ എഡ്വേഡ് സോൻസ്റ്റാഡാണ് കണ്ടെത്തിയത്. ഭൂമിയിലുള്ള സമുദ്രജലത്തിൽ ആകെ 2 കോടി ടൺ സ്വർണമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇത് വേർതിരിച്ചെടുക്കുക അസാധ്യമാണെന്ന് ഗവേഷകർ പറയുന്നു. കാരണം സമുദ്ര ജലത്തിന്റെ ചെറിയൊരു അളവ് മാത്രമാണിത്. അതായത്, അറ്റ്ലാൻ്റിക്, വടക്കൻ പസഫിക് സമുദ്രങ്ങളിലെ ഓരോ 100 ദശലക്ഷം മെട്രിക് ടൺ സമുദ്രജലത്തിലും ഏകദേശം ഒരു ഗ്രാം സ്വർണം മാത്രമേ ഉള്ളൂവെന്നാണ് പഠന റിപ്പോർട്ട്.
എന്നാൽ, സമുദ്രജലത്തിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ അത് വേർതിരിച്ചെടുക്കാനും പലവിധ ശ്രമങ്ങളും ലോകത്തിന്റെ പല ഭാഗത്തും നടന്നു. സമുദ്രജലത്തിലെ സ്വർണം വേർതിരിക്കാനുള്ള ആദ്യത്തേതും വലുതുമായ ശ്രമം നടന്നത് 1890 കളിലാണ്. ന്യൂ ഇംഗ്ലണ്ട് പാസ്റ്റർ പ്രെസ്‌കോട്ട് ഫോർഡ് ജെർനെഗൻ പ്രത്യേകം സംസ്‌കരിച്ച മെർക്കുറിയും വൈദ്യുതിയും ഉൾപ്പെടുന്ന ഒരു പ്രക്രിയയിലൂടെ കടൽജലത്തിൽ നിന്ന് സ്വർണ്ണം വലിച്ചെടുക്കാൻ കഴിയുന്ന ഒരു “ഗോൾഡ് അക്യുമുലേറ്റർ” കണ്ടുപിടിച്ചതായി അവകാശപ്പെട്ടു.
തനിക്ക് സ്വപ്നത്തിൽ ദൈവം ദിവ്യദർശനം നൽകിയാണ് ഈ വിദ്യ പറഞ്ഞുതന്നത് എന്നായിരുന്നു പാസ്റ്റർ അവകാശപ്പെട്ടത്. തന്റെ ബാല്യകാല സുഹൃത്ത് ചാൾസ് ഫിഷറുമായി ചേർന്ന് ജെർനെഗൻ ഇലക്‌ട്രോലൈറ്റിക് മറൈൻ സാൾട്ട്‌സ് കമ്പനി ആരംഭിച്ചു. സർക്കാർ കരുതൽ ധനമായി സൂക്ഷിച്ചിരിക്കുന്നതിലും കൂടുതൽ സ്വർണം തങ്ങളുടെ കമ്പനി കടൽവെള്ളത്തിൽ നിന്നും വേർതിരിച്ചെടുക്കുമെന്ന് ഇവർ അവകാശപ്പെട്ടു. അതിസമ്പന്നരാകാൻ ആഗ്രഹിച്ച പല സമ്പന്നരും പാസ്റ്ററുടെ കമ്പനിയിൽ ഷെയറെടുത്തു.1898 ആയപ്പോഴേക്കും ഇലക്‌ട്രോലൈറ്റിക് മറൈൻ സാൾട്ട്‌സ് നിക്ഷേപകരുടെ പണമായി ഏകദേശം ഒരു മില്യൺ ഡോളർ സമ്പാദിച്ചെന്നാണ് ന്യൂ ഇംഗ്ലണ്ട് ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ കണക്ക്.
ലുബെക്കിലെ വിദൂര പ്രദേശത്ത് കമ്പനി സ്വർണ്ണം വേർതിരിച്ചെടുക്കൽ പ്ലാൻ്റ് തുറന്നു. അവിടെ അവരുടെ പ്രവർത്തനങ്ങൾ പരിശോധിക്കപ്പെടാനുള്ള സാധ്യത കുറവാണ് എന്നതായിരുന്നു ഈ സ്ഥലം തന്നെ പ്ലാന്റിനായി തെരഞ്ഞെടുക്കാൻ കാരണം. 1,000 അക്യുമുലേറ്ററുകൾ ഉപയോഗിച്ച് സ്വർണ്ണത്തിനായി വെള്ളം വലിച്ചെടുക്കുന്നതായിരുന്നു പ്രവർത്തനം. 1898 ജൂലൈയിൽ കാര്യങ്ങൾ തകിടം മറിഞ്ഞു. ഷെയർഹോൾഡർമാർ അവരുടെ നിക്ഷേപത്തെ അടുത്തറിയാൻ ആഗ്രഹിച്ചതോടെ ജെർനെഗനും ഫിഷറും മുങ്ങി. നിക്ഷേപകരുടെ പണവും അങ്ങനെ നഷ്ടമായി.
ഈ വൻ തട്ടിപ്പ് കടൽജലത്തിലെ സ്വർണ്ണത്തെ സ്വന്തമാക്കാനുള്ള ആളുകളുടെ ആവേശത്തെ അരല്പം കുറച്ചു. എന്നാൽ, ആ സ്വർണം സ്വന്തമാക്കുന്നത് സ്വപ്നം കാണുന്നത് ആരും അവസാനിപ്പിച്ചില്ല. 1900-ൽ, ലണ്ടൻ സ്വദേശിയായ ഹെൻറി ക്ലേ ബുൾ, “സമുദ്രജലത്തിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന രീതി” എന്നതിനായുള്ള ഒരു പേറ്റൻ്റ് ഫയൽ ചെയ്തെങ്കിലും പിന്നീട് അതേക്കുറിച്ച് അധികമാരും കേട്ടിട്ടില്ല.
1920-കളിൽ, ജർമ്മൻ രാസായുധ നിർമ്മാതാവും നോബൽ സമ്മാന ജേതാവുമായ ഫ്രിറ്റ്സ് ഹേബർ, കടലിൽ നിന്ന് സ്വർണ്ണം എടുക്കുന്നതിനുള്ള ഒരു പ്രക്രിയ വികസിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധാനന്തരമുള്ള ജർമ്മനിയുടെ ഖജനാവിനെ കടൽ ജലത്തിലെ സ്വർണം കൊണ്ട് വീണ്ടും സമ്പന്നമാക്കാനാകുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഹേബറും ഒരു കൂട്ടം ശാസ്ത്രജ്ഞരും വർഷങ്ങളോളം, അപകേന്ദ്രബലവും ഇലക്ട്രോകെമിസ്ട്രിയും ഉൾപ്പെടുന്ന ഒരു പരീക്ഷണത്തിൽ ഏർപ്പെട്ടു. ഒടുവിൽ തൻ്റെ പ്രാഥമിക കണക്കുകൂട്ടലുകളിൽ തനിക്ക് പിഴവ് സംഭവിച്ചു എന്ന് തുറന്നു പറഞ്ഞ് അദ്ദേഹം പദ്ധതി ഉപേക്ഷിച്ചു. കടൽജലത്തിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാനുള്ള എല്ലാ സത്യസന്ധമായ ശ്രമങ്ങളെയും ബാധിച്ച ഒരു പ്രധാന പോരായ്മ ഹേബറും അദ്ദേഹത്തിൻ്റെ സംഘവും കണ്ടെത്തി: കടൽ ജലത്തിലെ സ്വർണ്ണം പുറത്തെടുക്കുന്നതിന് സ്വർണ്ണത്തിൻ്റെ വിലയേക്കാൾ കൂടുതൽ പണം ചിലവാകും.
ഇപ്പോഴും ഈ നിധി ശേഖരം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നവരുണ്ട്. ഇന്ത്യൻ ശാസ്ത്രജ്ഞനായ ജോയ് പ്രകാശ് അഗർവാല ഒരു രാസപ്രക്രിയ എന്ന നിലയിൽ സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനുള്ള ഒരു പുതിയ രീതി വികസിപ്പിച്ചെടുത്തതായി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇത് സംബന്ധിച്ചും പിന്നീട് വലിയ ചർച്ചകളോ പദ്ധതികളോ ഉയർന്നു വന്നില്ല.
കടലിൽ മറഞ്ഞ കുറച്ച് നിധികളും അനവധിയുണ്ട്. കൊളംബിയൻ തീരത്ത് 1708ൽ ഒരു സ്പാനിഷ് കപ്പൽ കരീബിയൻ തകർന്നു. സ്വർണവും വെള്ളിയും മരതകങ്ങളുമൊക്കെ ഉൾപ്പെടെ ഏകദേശം 2000 കോടി രൂപയുടെ മൂല്യമുള്ള നിധി ഈ കപ്പൽചേതത്തിൽ ഉറങ്ങുന്നുണ്ടെന്നു കൊളംബിയൻ അധികൃതർ പറയുന്നു. ഏകദേശം 3 നൂറ്റാണ്ടിനു മുൻപ് നടന്ന ഈ കപ്പൽചേതത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് കൊളംബിയ സർക്കാർ. ആളില്ലാ റോബട്ടിക് പേടകങ്ങളെ കടലിനുള്ളിലേക്കു വിട്ടാണു പരിശോധന നടത്താനും നിധി തിരിച്ചെടുക്കാനും ശ്രമിക്കുന്നത്.
കപ്പൽച്ചേതങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് സാൻ ഹോസെ സംഭവം. അന്നത്തെ തെക്കൻ അമേരിക്കൻ കോളനികളിൽ നിന്ന് നൂറിലധികം സ്റ്റീൽ പെട്ടികളിൽ വിലപിടിപ്പുള്ള വസ്തുക്കൾ നിറച്ച് സ്പെയിനിലേക്കു പുറപ്പെട്ടതാണ് കപ്പൽ. 200 ടൺ ഭാരമുള്ള സ്വർണനാണയങ്ങൾ മാത്രം ഈ കപ്പലിലുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. അന്നു കടലിൽ പ്രതിയോഗികളുമായി നടന്ന പോരാട്ടത്തിൽ കപ്പൽ തകരുകയും നിധിയുൾപ്പെടെ കടലിൽ മുങ്ങുകയും ചെയ്തു. പിന്നീട് ഒരുപാട് കാലം ഈ നിധി ദുരൂഹതയിൽ മറഞ്ഞുകിടന്നു. 2015ൽ സ്വന്തം കടൽമേഖലയിൽ ഈ കപ്പൽച്ചേതമുണ്ടെന്നു കൊളംബിയ പറഞ്ഞു. ഇതു സ്ഥിതി ചെയ്യുന്ന സ്ഥലം ഇന്നും രഹസ്യമാണ്.
ഈ കപ്പലിനോട് സമാനമായ നിലയിൽ ചരിത്രമുള്ള മറ്റൊരു കപ്പലുണ്ട്. അതിന്റെ പേരാണ് ലൂട്ടിൻ. 225 വർഷം മുൻപാണു ജർമനിയിലേക്കു പോയ ബ്രിട്ടിഷ് കപ്പലായ എച്ച്എംഎസ് ലൂട്ടിൻ മുങ്ങുന്നത്. ടൺകണക്കിനു സ്വർണവും വെള്ളിയും കയറ്റിയ കപ്പലായിരുന്നു അത്. ഇന്നും കപ്പലിലെ അമൂല്യനിധി കണ്ടെടുത്തിട്ടില്ല. ഇതിനുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ആഴങ്ങളിലെവിടെയോ ലൂട്ടിനിലെ കാണാപ്പൊന്ന് സാഹസികരെയും കാത്തിരിക്കുന്നെന്ന് നിധിവേട്ടയ്ക്കു പുറപ്പെടുന്നവർ വിശ്വസിക്കുന്നു.
ബ്രിട്ടിഷ് ചരിത്രത്തിലെ കുപ്രസിദ്ധനായ രാജാവാണ് കിങ് ജോൺ.ഫ്രാൻസുമായുള്ള യുദ്ധത്തിൽ തോറ്റ ജോണിന് അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ നല്ലൊരു പങ്ക് നഷ്ടമായി. തുടർന്ന് കിരീടം തെറിച്ചു. 1215ൽ മാഗ്നാ കാർട്ട ഉടമ്പടിയിൽ ഇദ്ദേഹം ഒപ്പു വച്ചതോടെ രാജകുടുംബത്തിന്റെ ഏകാധിപത്യത്തിനും മങ്ങലേറ്റു. 1216 ആയപ്പോഴേക്കും ഭരണത്തിൽ ജോൺ തീരെ ദുർബലനായി. വലിയ സമ്പത്തുമായി സ്ഥലം വിട്ട ജോണിന്റെ നിധി കടൽത്തീരത്താഴ്ന്നുപോയെന്നാണ് കഥ. ഇന്നുമതിനായി തിരച്ചിൽ തകൃതിയാണ്.