വിദ്യാര്‍ഥികളുടെ കത്തിന് പിന്നാലെ മൂന്നിരട്ടി സന്തോഷം; ഒന്നിന് പകരം 3 ഫുട്‌ബോളുകൾ സമ്മാനം
ചാലക്കുടി: ചാലക്കുടി നായരങ്ങാടി ഗവ. യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളുടെ കത്ത് വൈറലായതിന് പിന്നാലെ അവർക്ക് സമ്മാനം എത്തി. ഗാന്ധിജയന്തി ദിനത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭയുടെ മുന്നോടിയായി സ്‌കൂളുകളില്‍ സ്ഥാപിച്ച ചോദ്യപ്പെട്ടിയിലാണ് കുട്ടികൾ കത്തെഴുതിയിട്ടത്. നായരങ്ങാടി യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ ഹൃദ്വിന്‍ ഹരിദാസും നീരജും ആണ് കത്തെഴുതിയത്. കുട്ടികളുടെ കത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കുടുംബശ്രീ പ്രവർത്തകരാണ്. കത്ത് കണ്ട കോടശേരിയിലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് കളിക്കാനായി 3 ഫുട്‌ബോളുകൾ സമ്മാനമായി നൽകിയത്.
പ്രിയപ്പെട്ട ഗവണ്‍മെന്റ്, ഞങ്ങള്‍ നായരങ്ങാടി ജി.യു.പി.എസ്. സ്‌കൂളിലാണ് പഠിക്കുന്നത്. എല്ലാ ദിവസവും ഫുട്‌ബോള്‍ കളിക്കാന്‍ ഞങ്ങളെ വിടാറുണ്ട്. ഞങ്ങള്‍ എല്ലാ ദിവസവും തോല്‍ക്കാറും ജയിക്കാറുമുണ്ട്. പക്ഷെ ഞങ്ങള്‍ക്കൊരു വിഷമമുണ്ട്. ഞങ്ങള്‍ക്ക് നല്ലൊരു ഫുട്‌ബോള്‍ ഇല്ല. ഞങ്ങള്‍ ഇത്രയും കാലം പൊട്ടിയ ബാസ്‌കറ്റ് ബോള്‍ ഉപയോഗിച്ചാണ് കളിച്ചത്. ഗവണ്‍മെന്റ് സഹകരിച്ച് ഞങ്ങള്‍ക്കൊരു ഫുട്‌ബോള്‍ വാങ്ങിതരുമോ. ഇതായിരുന്നു കുട്ടിക്കൂട്ടത്തിന്റെ വൈറലായ കത്തിലുണ്ടായിരുന്നത്.
സ്കൂൾ കുട്ടികൾക്ക് പന്ത് നൽകുന്ന ചടങ്ങ് വാര്‍ഡ് മെംബര്‍ ഇ.എ. ജയതിലകന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ലിവിത വിജയകുമാര്‍ അധ്യക്ഷയായി. വി.ജെ. വില്യംസ്, പ്രധാനാധ്യാപിക ബബിത, രാഹുല്‍, വിഷ്ണു, ജിജി ജോയ്, ബിന്ദു അനിലന്‍, ഷീബ ബാലന്‍, ഗീത വിശ്വംഭരന്‍, രമ്യ ബാബു എന്നിവര്‍ പ്രസംഗിച്ചു.