ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ല; ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കാം: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് സുപ്രീംകോടതി അനുമതി നല്‍കി.
നിയമന നടപടികളില്‍ നിലവിലുള്ള താത്കാലിക ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ കോടതിയുടെ അനുമതിയുണ്ട്. എന്നാല്‍ ദീര്‍ഘകാലമായി ബോര്‍ഡില്‍ താത്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശത്തിലുണ്ട്. ഇവരുടെ പ്രവൃത്തിപരിചയം ബോര്‍ഡ് കണക്കിലെടുക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ജസ്റ്റിസ്മാരായ ജെ കെ മഹേശ്വരിയും രാജേഷ് ബിന്‍ഡാലും അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.
ജോലി സ്ഥിരപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് 242 താത്കാലിക ജീവനക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡുവും അഭിഭാഷകന്‍ എംഎല്‍ ജിഷ്ണുവും ഹാജരായി.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനുവേണ്ടി അഭിഭാഷകന്‍ ജി പ്രകാശ് ആണ് ഹാജരായത്. താത്കാലിക ജീവനക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത്, വി ഗിരി, വി ചിദംബരേഷ്, എസ് പി ചാലി, തോമസ് പി ജോസഫ്, രാകേന്ദ് ബസന്ത്, കൈലാസ് നാഥ പിള്ള, ജയന്ത് മുത്തുരാജ്, അഭിഭാഷകന്‍ റോയ് എബ്രഹാം എന്നിവര്‍ ഹാജരായി.